ബോസ്റ്റണ്‍ സ്ഫോടനം: പ്രതി പിടിയില്‍

വാഷിങ്ടണ്‍: | WEBDUNIA|
PRO
PRO
പോലീസ് വെടിവെയ്പിനിടെ ഓടിരക്ഷപ്പെട്ട ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനക്കേസിലെ പ്രതിയെ പിടികൂടി. ബോട്ടിന്റെ മൂലയില്‍ ഒളിച്ചിരിക്കുകയായിരുന്ന പത്തൊമ്പതുകാരനായ സൊഖാര്‍ എ സാര്‍നേവ് ആണ് അറസ്റ്റിലായത്. സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായ തമര്‍ലാന്‍ സാര്‍നേവ്(26) ഇന്നലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. ഇരുവരും ചെച്‌നിയന്‍ സഹോദരങ്ങളാണ്.

ബോസ്റ്റണില്‍നിന്നു 10 കിമീ അകലെ വാട്ടര്‍ടൗണിലാണ് വെടിവെപ്പുണ്ടായത്. എംഐടി കാമ്പസില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നശേഷം കേംബ്രിജിലെ തേര്‍ഡ് സ്ട്രീറ്റില്‍നിന്ന് കാര്‍ തട്ടിയെടുത്തുകടന്ന ഇരുവരെയും പോലീസ് പിന്തുടര്‍ന്നപ്പോഴായിരുന്നു വെടിവെപ്പ്. പോലീസിനുനേരേ ഇവര്‍ സ്‌ഫോടകവസ്തുക്കളും പ്രയോഗിച്ചു. ഒരു പോലീസുകാരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലാണ്.

കേംബ്രിഡ്ജിലെ നോര്‍ഫോക്ക് സ്ട്രീറ്റിലാണ് തമര്‍ലാനും സൊഖാറും താമസിച്ചിരുന്നത്. ബോസ്റ്റണിലെ ബങ്കര്‍ ഹില്‍ കമ്യൂണിറ്റി കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട തമര്‍ലാന്‍. ടീം ലോവല്‍ എന്ന ക്ലബ്ബിലെ ബോക്‌സിങ് താരം കൂടിയായിരുന്ന തമര്‍ലാന്‍ നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. 2009ല്‍ കാമുകിയെ ആക്രമിച്ചതിന്റെ പേരില്‍ ഗാര്‍ഹികപീഡന നിയമപ്രകാരം തമര്‍ലാന്‍ അറസ്റ്റിലായിരുന്നു.

ബോസ്റ്റണ്‍ സ്‌ഫോടനം നടത്തിയവരെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും കഴിഞ്ഞദിവസം എഫ്ബിഐ പുറത്തുവിടുകയും ഇവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ബേസ്‌ബോള്‍ തൊപ്പി ധരിച്ച്, പിറകില്‍ ബാഗ് തൂക്കിയ രണ്ടുപേരുടെ ചിത്രങ്ങളാണ് എഫ്ബിഐ പുറത്തുവിട്ടത്.

സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ജനം കടുത്ത ഭീതിയിലാണ്. പോലീസുകാരന്‍ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്ന് എംഐടിയില്‍ ശനിയാഴ്ച ക്ലാസുകള്‍ റദ്ദാക്കി. വാട്ടര്‍ടൗണിലും ബോസ്റ്റണിലും വാഹനഗതാഗതം ഉള്‍പ്പെടെയുള്ളവ തിരച്ചിലിനെത്തുടര്‍ന്ന് താത്കാലികമായി നിരോധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :