ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്നുപറഞ്ഞ്‌ പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത പ്രതി പിടിയില്‍

ഗുരുവായൂര്‍: | WEBDUNIA|
PRO
PRO
പ്രശസ്തര്‍ ഉള്‍പ്പെടുന്ന ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന്‌ വാഗ്ദാനം നല്‍കി സ്വര്‍ണ്ണാഭരണങ്ങളും, പണവും, മൊബെയില്‍ഫോണുകളും തട്ടിയെടുത്ത്‌ മുങ്ങിയകേസിലെ പ്രതിയെ ഗുരുവായൂര്‍ പോലീസ്‌ ഇന്നലെ വീണ്ടും പിടികൂടി. 2009-മെയ്‌ 3-ന്‌ അറസ്റ്റ്‌ ചെയ്തശേഷം ജാമ്യമെടുത്തശേഷം ഇയാള്‍ മുങ്ങിയിരുന്നു.

തിരുവന്തപുരം ചിറയന്‍കീഴ്‌ ചാത്തന്‍പാറ എസ്‌.ആര്‍.എസ്‌ ഭവനില്‍ ഷൈബു (ദീപു 38) വിനേയാണ്‌ ഗുരുവായൂര്‍ സി.ഐ: കെ സുദര്‍ശനും, എസ്‌.ഐ: വിസി സൂരജും സംഘവും ചേര്‍ന്ന്‌ ഇന്നലെ വീണ്ടും അറസ്റ്റുചെയ്തത്‌. അന്നുനടന്ന തട്ടിപ്പില്‍ ആറുപേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതിന്‌ രണ്ടുകേസുകളിലെ ശിക്ഷയെതുടര്‍ന്ന്‌ ജാമ്യമെടുത്ത്‌ മുങ്ങുകയായിരുന്നു, പ്രതി. പ്രതി ഇപ്പോള്‍ സ്ഥിരതാമസമാക്കിയ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ കുമ്മാളിപടിയില്‍ നിന്നാണ്‌ ഇന്നലെ പുലര്‍ച്ചെ വീണ്ടും പിടികൂടിയത്‌.

ആല്‍ബത്തിലഭിനയിക്കാന്‍ താത്പര്യമുള്ളവരെ ഗുരുവായൂരിലേക്ക്‌ വിളിച്ചുവരുത്തലാണ്‌ പ്രതിയുടെ ആദ്യനടപടി. തുടര്‍ന്ന്‌ ക്ഷേത്രദര്‍ശനത്തിന്‌ പോകാന്‍ നിര്‍ബന്ധിക്കും. ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ആഭരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ആഭരണങ്ങള്‍ ഊരിവാങ്ങി ബാഗിലാക്കും. സംശയം തോന്നാതിരിക്കാനായി ഇയാള്‍ കഴുത്തിലണിഞ്ഞ മാലയും ഊരി ബാഗില്‍ വെക്കും. പിന്നീട്‌ ഇയാള്‍ തന്നെയാണ്‌ ബാഗ്‌ ക്ലോക്ക്‌ റൂമില്‍ ഏല്‍പ്പിക്കക. ക്ലോക്ക്‌ റൂമില്‍ സൂക്ഷിക്കുന്ന ബാഗിന്റെ ടോക്കണും ഇയാളാണ്‌ സൂക്ഷിക്കുക.

ക്ഷേത്രത്തിനകത്ത്‌ കടന്ന ശേഷം, ദേവസ്വം ഉയര്‍ന്ന ഉദ്യോഗസ്ഥരെ കാണാനെന്ന്‌ പറഞ്ഞ്‌ ഇയാള്‍ പതുക്കെ പുറത്തുവന്ന്‌ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ബാഗുമായി മുങ്ങും. കബളിപ്പിക്കപ്പെടുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളുപയോഗിച്ച്‌ സിംകാര്‍ഡുകളുണ്ടാക്കി വിവിധ നമ്പരുകളിലാണ്‌ ഇയാളുടെ അഭ്യാസങ്ങളെന്നും പോലീസ്‌ പറഞ്ഞു. മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇയാളുടെ കബളിപ്പിക്കലിന്‌ വിധേയമായിട്ടുണ്ടെന്നും, എന്നാല്‍ പലരും നാണക്കേടോര്‍ത്ത്‌ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ്‌ സംശയിക്കുന്നു.

ജാമ്യവ്യവസ്ഥയുടെ ലംഘനത്തിന്റെ ഭാഗമായി ഇയാളുടെ പേരിലുള്ള വീടും, പുരയിടവും ജപ്തിക്കായി കോടതി ഉത്തരവിട്ടിട്ടുണ്ട്‌. പ്രതിയെ അറസ്റ്റുചെയ്ത സംഘത്തില്‍ സീനിയര്‍ സിപിഓമാരായ കെ ഗിരി, അനില്‍ എന്നിവരുമുണ്ടായിരുന്നു. ചാവക്കാട്‌ ഫസ്റ്റ്ക്ലാസ്‌ മജിസ്റ്റ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :