റഷ്യ 60 ദിവസത്തെ വെടിനിര്ത്തലിന് തയ്യാറായാല് യുക്രെയ്ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സെലെന്സ്കി
ഉക്രെയ്നിന് ഒരു പുതിയ നേതാവിനെ ആവശ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് അഭിപ്രായപ്പെട്ടതിനെത്തുടര്ന്ന് ഞായറാഴ്ച ഉക്രെയ്ന് പ്രസിഡന്റ് വോലോഡിമിര് സെലെന്സ്കി അതിരൂക്ഷമായ മറുപടി നല്കി. ഒരു അഭിമുഖത്തില് സംസാരിക്കവെ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കേണ്ടത് ഉക്രെയ്നിലെ ജനങ്ങളാണെന്ന് സെലെന്സ്കി വ്യക്തമാക്കി. ഉക്രെയ്നില് തിരഞ്ഞെടുപ്പ് നടക്കണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കില് 60 ദിവസത്തെ വെടിനിര്ത്തലിന് സമ്മതിക്കാന് റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിനോട് അവര് ആവശ്യപ്പെടണമെന്നും അങ്ങനെയെങ്കില് ഞങ്ങള് തിരഞ്ഞെടുപ്പ് നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം, റഷ്യയും ഉക്രെയ്നും തമ്മില് ഊര്ജ്ജ മേഖലയിലെ വെടിനിര്ത്തലിന് ധാരണയായതായി ട്രംപ് പ്രഖ്യാപിച്ചു. എന്നാല്, അത്തരമൊരു കരാറിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് സെലെന്സ്കി വ്യക്തമാക്കി. റഷ്യയുമായി നാല് വര്ഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന് തങ്ങള് അമേരിക്കന് പിന്തുണയെ ആശ്രയിക്കുന്നു എന്ന് സെലെന്സ്കി പറഞ്ഞു.
നിലവിലുണ്ടായ തര്ക്കം ഉക്രെയ്നിന്റെ സഖ്യകക്ഷികള്ക്കിടയിലുള്ള ഐക്യത്തെ' ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
