ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സ്ഥലം തരില്ല, യുഎസ് അഭ്യർത്ഥന തള്ളി യു കെ

UK rejects US iran base request
അഭിറാം മനോഹർ| Last Modified വെള്ളി, 20 ഫെബ്രുവരി 2026 (13:42 IST)
ഇറാനെതിരായ സൈനിക നീക്കങ്ങള്‍ക്കായി തങ്ങളുടെ വ്യോമതാവളങ്ങള്‍ വിട്ടുനല്‍കണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ബ്രിട്ടന്‍. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് അമേരിക്കന്‍ ബോംബറുകള്‍ക്ക് ആക്രമണം നടത്താന്‍ ബ്രിട്ടീഷ് അധീനതയിലുള്ള സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന യുഎസ് ആവശ്യം യുകെ നിരസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇറാനെതിരായ മുന്‍കൂര്‍ (Pre-emptive) ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ബ്രിട്ടന്റെ പിന്മാറ്റമെന്നാണ് സൂചന. ഗ്ലൗസെസ്റ്റര്‍ഷെയറിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് (RAF Fairford), ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ (Diego Garcia) എന്നീ താവളങ്ങള്‍ ഉപയോഗിക്കാനാണ് അമേരിക്ക യുകെയില്‍ നിന്ന് അനുമതി തേടിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം, ഒരു രാജ്യം നടത്തുന്ന നിയമവിരുദ്ധമായ ആക്രമണത്തിന് സൗകര്യമൊരുക്കുന്നതും കുറ്റകരമാകുമെന്ന വിലയിരുത്തലിലാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ്.

യുകെയുടെ ഈ തീരുമാനത്തെ കടുത്ത ഭാഷയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വിമര്‍ശിച്ചത്.ഡീഗോ ഗാര്‍ഷ്യ ഉള്‍പ്പെടുന്ന ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനത്തെയും ട്രംപ് വിമര്‍ശിച്ചു. അസ്ഥിരവും അപകടകരവുമായ ഒരു ഭരണകൂടത്തിന്റെ ആക്രമണം ഇല്ലാതെയാക്കാന്‍ അമേരിക്കയ്ക്ക് ഡീഗോ ഗാര്‍ഷ്യയും ആര്‍എഎഫ് ഫെയര്‍ഫോര്‍ഡും ആവശ്യമായി വന്നേക്കാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.


ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് വിട്ടുനല്‍കാനും ഡീഗോ ഗാര്‍ഷ്യയിലെ സൈനിക താവളം 99 വര്‍ഷത്തേക്ക് ബ്രിട്ടന് പാട്ടത്തിന് നല്‍കാനുമുള്ള കരാറിനെ അമേരിക്ക നേരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ബ്രിട്ടന്‍ സൈനിക സഹകരണം നിഷേധിച്ചതോടെ ഈ കരാറിനുള്ള പിന്തുണ ട്രംപ് പിന്‍വലിച്ചേക്കുമെന്നാണ് സൂചന. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയണമെന്ന് ആഗ്രഹമുണ്ടെങ്കിലും, മേഖലയില്‍ വലിയൊരു യുദ്ധത്തിന് കാരണമായേക്കാവുന്ന ആക്രമണത്തില്‍ നേരിട്ട് പങ്കാളികളാകാന്‍ ബ്രിട്ടന്‍ തയ്യാറല്ലെന്നാണ് ലണ്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :