ആണവകരാര്‍; ഇറാനും വന്‍ ശക്തി രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വിജയം

വിയന്ന| VISHNU N L| Last Modified ചൊവ്വ, 14 ജൂലൈ 2015 (14:09 IST)
ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ആറു വൻശക്തി രാഷ്ട്രങ്ങളുമായി രണ്ടാഴ്ചയിലേറെയായി തുടരുന്ന മാരത്തൺ ചർച്ചയിൽ ധാരണ. ഇറാന്റെ ആണവപദ്ധതികൾക്കു നിയന്ത്രണം ഏർപ്പെടുത്തുക എന്ന യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ ലക്ഷ്യം വിജയിച്ചതോടെ ഇറാനെതിരെ വർഷങ്ങളായി തുടരുന്ന പാശ്ചാത്യ ഉപരോധത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പത്തുവര്‍ഷത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നത്. കരാറിലെ വ്യവസ്ഥകൾ ഇറാനിലെയും ആറു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ സംയുക്തമായി വിയന്നയിലെ യുണൈറ്റഡ് നേഷൻസ് സെന്ററിൽ നടത്തുന്ന സംയുക്ത വാർത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തും. വന്‍ ശക്തി രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ആണവ കരാറിൽ നിന്ന് പിൻമാറിയാൽ 65 ദിവസത്തിനകം ഉപരോധം ശക്തമാക്കുന്നതുൾപ്പെടെയുളള വ്യവസ്ഥകൾ പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉപരോധം അവസാനിപ്പിക്കുന്നതോടൊപ്പം ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങാൻ അനുവദിക്കണമെന്ന ഇറാന്റെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെന്നാണ് സൂചന. അതേസമയം ഭീകര വാദത്തെ നേരിടാന്‍ ആവശ്യമായ ആയുധങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിട്ടില്ല. അതേസമയം ഇറാന്റെ മുന്നില്‍ പാശ്ചാത്യ ശക്തികള്‍ മുട്ടുമടിക്കിയെന്ന് ഇറാന്റെ ബദ്ധവൈരിയായ ഇസ്രായേല്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :