ബ്യൂണേഴ്‌സ് അയേഴ്‌സ്|
jibin|
Last Modified വ്യാഴം, 9 ജൂലൈ 2015 (12:00 IST)
അര്‍ജന്‍റീന ടീമില്‍ നിന്ന് താന്‍ അവധിയെടുക്കുന്നുവെന്ന വാര്‍ത്തകളെ തള്ളി അര്‍ജന്‍റീനയുടെ നയകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി രംഗത്ത്. ടീമില്‍ നിന്നും മാറിനില്‍ക്കുന്നത് വിമര്‍ശകര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്നാണ് താരത്തിന്‍റെ വിലയിരുത്തലെന്ന് ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ടീമിന്‍റെ ആരാധകരില്‍ ന്യൂനപക്ഷം മാത്രമാണ് വിമര്‍ശകരുടെ വേഷത്തിലുള്ളതെന്നും മാര്‍ക്ക ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വിയെത്തുടര്‍ന്നുള്ള കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് മെസി അര്‍ജന്‍റീന ടീമില്‍ നിന്ന് അവധിയെടുക്കുന്നുവെന്ന വാര്‍ത്തകളാണ് പരന്നത്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന സൌഹൃദ മത്സരങ്ങളും 2018 ലോകപ്പ് യോഗ്യത മത്സരങ്ങളില്‍ ചിലതും ഉപേക്ഷിക്കാന്‍ സൂപ്പര്‍ താരം ആലോചിക്കുന്നതായി അര്‍ജന്‍റീനയിലെ ഒരു ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോപ്പ അമേരിക്കയിലെ തോല്‍വി മറ്റെന്തിനേക്കാളും വേദനിപ്പിക്കുന്നതായി മെസി തന്‍റെ ഫേസ് ബുക്ക് പേജില്‍ പറഞ്ഞിരുന്നു.
ഇതിഹാസതാരങ്ങള്‍ക്കൊപ്പമാണ് സ്ഥാനമെങ്കിലും പെലെയ്ക്കോ മറഡോണയ്ക്കോ എന്നപോലെ ഒരു ലോകകിരീടം മെസിക്ക് ഇനിയും അന്യമാണ്. ബാഴ്‍സലോണക്കായി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാറുള്ള മെസി അര്‍ജന്‍റീനക്കായി കളിക്കുമ്പോള്‍ ഈ നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ പരാജയപ്പെടുന്നതായുള്ള ആരോപണം ഏറെ നാളുകളായി നിലവിലുള്ളതാണ്.