ഇറാൻ പ്രതിഷേധം: 2,000 മരണമെന്ന് സർക്കാർ, 12000 കടന്നെന്ന് അനൗദ്യോഗിക കണക്കുകൾ
ടെഹ്റാന്‍: സാമ്പത്തിക പ്രതിസന്ധിക്കെതിരെ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട രാജ്യവ്യാപക പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം 2000 പേരെന്ന് ഇറാന്‍ സര്‍ക്കാര്‍ കണക്കുകള്‍. ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിഷേധങ്ങളുടെ ഭാഗമായി 2000 പേരാണ് ഇറാനില്‍ ഇതുവരെ മരിച്ചത്. ഭീകരവാദികളാണ് ഈ മരണങ്ങള്‍ക്ക് ഉത്തരവാദികളെന്നും ഇറാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.
എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും കണക്കുകള്‍ പ്രകാരം കുറഞ്ഞത് 12,000 പേര്‍ ഇതിനകം കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇറാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായിരിക്കും ഇതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി 8, 9 തീയതികളില്‍ രാത്രികാലങ്ങളില്‍ വച്ചാണ് ഭൂരിഭാഗം കൊലപാതകങ്ങളും നടന്നതെന്ന് ഈ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ നേരിട്ടുള്ള ഉത്തരവിലാണ് ഈ അടിച്ചമര്‍ത്തല്‍ നടന്നതെന്നും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നിന്ന് നേരിട്ട് വെടിവയ്ക്കാനുള്ള അനുമതി ലഭിച്ചിരുന്നുവെന്നും പ്രതിപക്ഷ മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു.
റെവല്യൂഷണറി ഗാര്‍ഡ്സും ബസിജ് മിലിഷ്യയുമാണ് പ്രധാനമായും ഈ കൊലപാതകങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഇന്റര്‍നെറ്റ് നിരോധനം കൂടി വന്നതോടെ യഥാര്‍ഥ കണക്കുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മര്‍ച്ചവരില്‍ ഭൂരിഭാഗവും 30 വയസ്സില്‍ താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു നിര്‍ണായകമായ കാര്യം. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നിശബ്ദമാക്കിയും ആശയവിനിമയത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് ഈ വിവരങ്ങള്‍ ഇറാന്‍ മറച്ചുവെയ്ക്കുന്നതെന്നും ഞായറാഴ്ചയോടെ കൂടുതല്‍ വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഏകദേശ കണക്ക് പുറത്ത് വിടാനായതെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ പറയുന്നു.
