പാകിസ്ഥാനില്‍ അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 23; യുഎസ് എംബസി വിസ നടപടികള്‍ നിര്‍ത്തിവച്ചു

Iran Protests, Khamenai, International News,ഇറാൻ പ്രക്ഷോഭം, ഖമനേയി, അന്താരാഷ്ട്ര വാർത്ത
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (12:10 IST)
പാകിസ്ഥാനില്‍ അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 23 ആയി. ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെയാണ് പാകിസ്ഥാനില്‍ പ്രതിഷേധം കടുത്തത്. ഈ സാഹചര്യത്തില്‍ ഇസ്ലാമാബാദിലെ എംബസിയിലും കറാച്ചിയിലും ലാഹോറിലും പ്രവര്‍ത്തിക്കുന്ന കോണ്‍സുലേറ്റ് ജനറല്‍ ഓഫീസുകളിലും ഇന്നലെ നടക്കേണ്ടിയിരുന്ന എല്ലാ വിസ സര്‍വീസുകളും അമേരിക്കന്‍ സിറ്റിസണ്‍ സര്‍വീസ് റദ്ദാക്കി.

23 പേരാണ് പാക്കിസ്ഥാനിലെ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 10 പേര്‍ കറാച്ചിയിലെ അമേരിക്കന്‍ കോണ്‍സിലേറ്റിനു മുന്നില്‍ നടന്ന വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. അതേസമയം അമേരിക്കന്‍ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. വിമാനം ആകാശത്ത് വെച്ച് തീപിടിച്ച് നിലത്ത് ഇടിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. എന്നാല്‍ വിമാനം യുഎസിന്റേതാണോ ഇസ്രായേലിന്റേതാണോ എന്ന് വ്യക്തമല്ല. പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റിലെ യുഎസ് എംബസിക്ക് സമീപം ഇറാന്‍ ആക്രമണം നടത്തിയതായും അവകാശവാദങ്ങളുണ്ട്.

അതേസമയം സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെഹ്‌റാന്‍ അമേരിക്കയുമായി ഒരു ചര്‍ച്ചയിലും ഏര്‍പ്പെടില്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ഇറാന്‍ ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സമ്മതിച്ചതായി അവകാശപ്പെടുന്ന യുഎസ് മാധ്യമങ്ങളിലെ ചില റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിരസിച്ചു. ട്രംപിന്റെ 'തെറ്റായ കണക്കുകൂട്ടലുകള്‍' മേഖലയെ അസ്ഥിരപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വിമര്‍ശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :