പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി, ആഗോള എണ്ണവില കുതിക്കുന്നു

ലോകത്തിലെ മൊത്തം എണ്ണ, വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോര്‍മൂസ്.

Strait of Hormuz, Israel- Iran war, Middle east, Oil price
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (10:26 IST)
ടെഹ്റാന്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ എണ്ണക്കടത്ത് പാതയായ ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ ആക്രമിച്ചു കത്തിക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കര്‍ശന മുന്നറിയിപ്പ് നല്‍കി. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുമെന്ന ആശങ്ക ശക്തമായി.


ലോകത്തിലെ മൊത്തം എണ്ണ, വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോര്‍മൂസ്. ഇറാന്‍ ഇത് പൂര്‍ണ്ണമായും അടച്ചതോടെ ഈ മേഖലയിലെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. വിലക്ക് ലംഘിക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകള്‍ക്ക് നേരെ ഇതിനോടകം ആക്രമണമുണ്ടായതായും മൂന്നാമതൊരു കപ്പലിന് സമീപം സ്‌ഫോടനം നടന്നതായും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.

യുദ്ധം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ഉല്‍പ്പാദനത്തെയും ഇത് സാരമായി ബാധിച്ചു.ഖത്തര്‍ എനര്‍ജി തങ്ങളുടെ പ്രകൃതിവാതക ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. കുവൈറ്റിലെ ചില റിഫൈനറികളും ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് സൗദി അരാംകോയുടെ പ്രമുഖ പ്ലാന്റുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിട്ടുണ്ട്.

അമേരിക്കയും ഇസ്രായേലും ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഇറാന്റെ ഈ നീക്കം. ഹോര്‍മൂസ് കടലിടുക്ക് ഏതാനും ദിവസത്തേക്ക് അടച്ചിട്ടാല്‍ പോലും അത് ആഗോള സമ്പദ്വ്യവസ്ഥയെയും ഊര്‍ജ്ജ വിപണിയെയും ഗുരുതരമായി ബാധിക്കും. വിതരണം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :