രേണുക വേണു|
Last Modified വ്യാഴം, 22 ജൂലൈ 2021 (16:03 IST)
വയറുനിറയെ അത്താഴം കഴിക്കുന്ന ശീലമുള്ളവരാണ് പൊതുവെ മലയാളികള്‍. എന്നാല്‍, അത്തരമൊരു ഭക്ഷണരീതി ഒരു തരത്തിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ല. മാത്രമല്ല വലിയ ദോഷമാകുകയും ചെയ്യും. അത്താഴം എപ്പോഴും ലഘുവായിരിക്കണം.
അത്താഴം കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്. എത്രയും നേരത്തെ അത്താഴം കഴിക്കുന്നതാണ് ഉചിതം. രാത്രി ഏഴിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി. രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാന്‍ കാരണമാകുകയും ചെയ്യും.
ഏറ്റവും ചുരുങ്ങിയത് ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കുകയാണ് വേണ്ടത്. എട്ട് മണിക്ക് മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. അത്താഴം കഴിച്ചയുടന്‍ പോയി കിടന്നുറങ്ങരുത്. അല്‍പ്പമൊന്ന് നടക്കുന്നത് നല്ലതാണ്. രാത്രി നേരത്തെ അത്താഴം കഴിച്ച ശേഷം ഉറങ്ങാന്‍ നേരം വൈകുകയാണെങ്കില്‍ ചിലപ്പോള്‍ വീണ്ടും വിശക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള സമയത്ത് നിങ്ങള്‍ക്ക് കുറഞ്ഞ അളവില്‍ മാത്രം കലോറി, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ, ലഘു ഭക്ഷണങ്ങള്‍ കഴിക്കാം.
കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ് അത്താഴത്തിനു അനുയോജ്യം. സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷമാണ് രാത്രി കഴിക്കേണ്ടത്. രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല.