അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 15 ജനുവരി 2024 (10:01 IST)
ജീവിതശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൊളാസ്‌ട്രോള്‍. വ്യായാമക്കുറവും ചിട്ടയില്ലാത്ത ഭക്ഷണക്രമവും ഫാസ്റ്റ് ഫുഡുകള്‍ കൂടുതലായി കഴിക്കുന്നതും കൊളസ്‌ട്രോള്‍ ഇന്ന് സാധാരണ അസുഖമാക്കി മാറ്റി. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകുന്ന ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാന്‍ കൊളസ്‌ട്രോളിനാകും. പലപ്പോഴും കൊളസ്‌ട്രോള്‍ ഉയരുന്നത് അറിയുന്നില്ല എന്നത് പ്രശ്‌നം സൃഷ്ടിക്കുമെങ്കിലും കൊളസ്‌ട്രോള്‍ ശരീരത്തില്‍ വല്ലാണ്ട് കൂടിയാല്‍ അതിന്റെ സൂചനകളും ശരീരം തന്നെ കാണിച്ചുതരും.
കൊളസ്‌ട്രോള്‍ കൂടുന്നതില്‍ ഏറ്റവുമധികം ദോഷം ചെയ്യുന്നത് ഹൃദയത്തിനാണ്. കൊളസ്‌ട്രോള്‍ കൂടുന്നത് രക്തത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുള്ള ഹൃദയാഘാതത്തിനുള്ള സാധ്യത ഉയര്‍ത്തുന്നതാണ്. ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ചര്‍മ്മത്തിന്റെ താഴെയായി കാണൂന്ന മഞ്ഞനിറത്തിലുള്ള ചെറിയ മുഴകളോ വീക്കമോ എല്ലാം ഇതിന്റെ ഭാഗമാകാം. കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റും ചാര നിറത്തിലോ വെളുപ്പ് നിറത്തിലോ കാണുന്ന ആവരണവും കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം. പ്രായമായവരിലാണ് ഇത് അധികവും കാണപ്പെടുന്നത്.
കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ ഭാഗമായി ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുകയും ഇത് മൂലം നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യാം. അതിനാല്‍ തന്നെ നെഞ്ചിലെ അസ്വസ്ഥതയും വേദനയുമെല്ലാം ലക്ഷണങ്ങളാകാം. രക്തയോട്ടം കുറയുന്നത് മൂലം ശരീരം തളരുന്ന അവസ്ഥയും ഉണ്ടാകാം.അതുപോലെ ശ്വാസതടസമുണ്ടായാലും ശ്രദ്ധ നല്‍കാം. ബിപി കൂടുന്നതിനും ചിലപ്പോള്‍ കൊളസ്‌ട്രോള്‍ കാരണമാകാറുണ്ട് അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ചിലപ്പോള്‍ കൊളസ്‌ട്രോളിന്റെ സൂചനയാകാം.