അതിവേഗം കോവിഡ് വരാന്‍ സാധ്യതയുള്ള രക്ത ഗ്രൂപ്പുകള്‍ ഇതൊക്കെ, 'ഒ' ഗ്രൂപ്പുകാര്‍ ശ്രദ്ധിക്കേണ്ടത്; സിഎസ്‌ഐആര്‍ പഠനം

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 11 മെയ് 2021 (11:20 IST)

മറ്റ് രക്ത ഗ്രൂപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എ ബി, ബി ഗ്രൂപ്പുകള്‍ക്കാണ് താരതമ്യേന കോവിഡ് അതിവേഗം വരാന്‍ സാധ്യതയുള്ളതെന്ന് പഠനം. കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍ക്ക് താരതമ്യേന കോവിഡ് വരാനുള്ള സാധ്യത മറ്റ് ഗ്രൂപ്പില്‍ നിന്ന് കുറവാണ്. ഒ ഗ്രൂപ്പുകാര്‍ക്ക് വളരെ നേരിയ ലക്ഷണങ്ങളേ ചിലപ്പോള്‍ കാണിക്കൂ. ചിലര്‍ക്ക് ഒരു ലക്ഷണവും കാണിക്കില്ല. രോഗം വരാനുള്ള സാധ്യതയും മറ്റ് ഗ്രൂപ്പുകളേക്കാള്‍ കുറവാണ്. എന്നാല്‍, അലസത പാടില്ല. തങ്ങള്‍ക്ക് വരില്ല എന്ന ചിന്തയും അരുത്.

രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സര്‍വേയെ അടിസ്ഥാനമാക്കിയാണ് സിഎസ്‌ഐആര്‍ പഠനം നടത്തിയത്. സസ്യഭുക്കുകള്‍ക്ക് കോവിഡ് പ്രതിരോധശേഷി കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നുണ്ട്. മാംസം കഴിക്കുന്നവര്‍ക്ക് സസ്യഭുക്കുകളേക്കാള്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണ്. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യാസത്തിന് കാരണമെന്നാണ് സിഎസ്‌ഐആര്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 140 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് സര്‍വെ നടത്തിയത്. പതിനായിരത്തിലേറെ സാംപിളുകള്‍ ശേഖരിച്ചു.

എ.ബി രക്തഗ്രൂപ്പില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. അതിനു പിന്നാലെ ബി രക്തഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ്. ഒ ഗ്രൂപ്പുകാരില്‍ കോവിഡ് വളരെ കുറവായാണ് കണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :