Last Modified ശനി, 20 ജൂലൈ 2019 (15:51 IST)
പഞ്ഞമാസമായ കര്‍ക്കടകമാസമെത്തി. ശരീരം ശുദ്ധീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇതിലും മികച്ചൊരു സമയമില്ലെന്നാണ് വെപ്പ്. അതിന്റെ ഭാഗമായി ആയൂര്‍വേദ ചികിത്സ നടത്തുന്നതിനും ഏറ്റവും യോജിച്ച മാസമാണ് കര്‍ക്കടകം.
ഈ സമയത്തെ ചികിത്സ ശരീരത്തിന് കൂടുതല്‍ ഫലം ചെയ്യുന്നുവെന്ന് ആയൂര്‍വേദാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. അത്തരത്തിൽ ഔഷധമായ ഒന്നാണ് കര്‍ക്കടക കഞ്ഞി. ഇത് ഇപ്പോൾ പാക്കറ്റിലും ലഭ്യമാണ്. ധാതുക്ഷയം, വാതരോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവയകറ്റാന്‍ കര്‍ക്കടക കഞ്ഞി ഉപയോഗിക്കുന്നു.
കര്‍ക്കടക മാസത്തില്‍ സുഖ ചികിത്സയ്ക്ക് എത്തുന്നവരുടെയും, കര്‍ക്കടക കഞ്ഞി കുടിക്കാനെത്തുന്നവരുടെയും എണ്ണം വര്‍ഷംതോറും കൂടുന്നു. ആയൂര്‍വേദ കേന്ദ്രങ്ങള്‍ മിക്കവയും ചികിത്സയ്ക്കായി മാസങ്ങള്‍ക്ക് മുമ്പേ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. വിദേശികളും ഇതിലുണ്ട്.
സുഖ ചികിത്സയില്‍ മസാജ്, പിഴിച്ചില്‍, ഞവരക്കിഴി എന്നിവയാണുള്ളത്. ഇതിനു ശേഷം പഞ്ചകര്‍മ്മ ചികിത്സയുമുണ്ട്. മസാജ് ശരീരത്തിന് ഉന്മേഷം നല്‍കുന്നു. ധന്വന്തരം, പ്രഭഞ്ചനം, കൊട്ടന്‍ചുക്കാദി തുടങ്ങിയവ ഉപയോഗിച്ച് മസാജ് ചെയ്യുന്നു.