റെഡ് മീറ്റ്, ഫാസ്റ്റ് ഫുഡ്, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍; നിയന്ത്രണം വേണം ഈ ഭക്ഷണ സാധനങ്ങളില്‍, ഹാര്‍ട്ട് അറ്റാക്കിനെ പ്രതിരോധിക്കാം

രേണുക വേണു| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (12:01 IST)

ഒരു ആരോഗ്യപ്രശ്നവും ഇല്ലാത്തയാള്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ജീവിതശൈലിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നാം തയ്യാറാകണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ഭക്ഷണരീതി.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തിനായിരിക്കണം ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്. പോഷക സമ്പന്നമായ ഭക്ഷണത്തിനായിരിക്കണം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍, എണ്ണയില്‍ പൊരിച്ചതോ വറുത്ത് കോരിയതോ ആയ വിഭവങ്ങള്‍, മധുരം, നെയ്യ്, തുടങ്ങിയവ കൂടിയ തോതിലുള്ള വിഭവങ്ങള്‍ എന്നിവ കൊഴുപ്പിനെ വിളിച്ചു വരുത്തും. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. കഴിക്കുന്നുണ്ടെങ്കില്‍ കൃത്യമായി വ്യായാമം പിന്തുടരാന്‍ ശ്രമിക്കുക. അമിതമായി ആഹാരം കഴിക്കുന്നത് അമിതവണ്ണത്തിലേക്ക് നയിക്കും. അമിതവണ്ണം ഹൃദ്രോഗസാധ്യതെയ വര്‍ധിപ്പിക്കുകയും ചെയ്യും. ജങ്ക് ഫുഡ്സും ശീതള പാനീയങ്ങളും അമിതമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്.

മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. ദിവസവും മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് 'ഹാര്‍ട്ട്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മുട്ടയുടെ വെള്ളയാണ് ആരോഗ്യത്തിനു നല്ലത്. മഞ്ഞക്കരു കഴിക്കുന്നത് ആരോഗ്യത്തിനു അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബ്ലൂ ബെറി പോലുള്ള ബെറിപ്പഴങ്ങള്‍ ഹൃദയത്തിനു നല്ലതാണ്. ദിവസം ഒരു കപ്പ് അതായത് 150 ഗ്രാം ബ്ലൂ ബെറി കഴിക്കുന്നത് വാസ്‌കുലാര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും എന്നാണ് പഠനങ്ങള്‍ പറയുന്നത്. പച്ച നിറത്തിലുള്ള ഇലക്കറികള്‍ എല്ലാം ഹൃദയത്തിനു ഗുണം ചെയ്യും. അതില്‍ പ്രധാനപ്പെട്ടതാണ് പച്ചച്ചീര. ജീവകം കെയും നൈട്രേറ്റുകളും ഇവയില്‍ ധാരാളം ഉണ്ട്. ഇവ രക്തസമ്മര്‍ദം കുറയ്ക്കുകയും ധമനികള്‍ക്ക് സംരക്ഷണമേകുകയും ഹൃദ്രോഗം വരാതെ കാക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :