മുട്ട കഴിച്ചാല്‍ തടി കുറയ്ക്കാമെന്നോ, അടിപൊളി!

BIJU| Last Modified ശനി, 10 നവം‌ബര്‍ 2018 (22:07 IST)
തടി കുറയ്ക്കാന്‍ കഴിച്ചാല്‍ മതിയെന്നോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം, എന്നാല്‍ സംഗതി സത്യമാണെന്നാണ് പുതിയ ഒരു പഠനത്തില്‍ പറയുന്നത്.

പ്രാതലിന് മുട്ട ഉള്‍പ്പെടുത്തന്നത് കലോറി നഷ്ടത്തെ കുറയ്ക്കുമെന്നും അതോടൊപ്പം വിശപ്പ് കുറയ്ക്കുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. വിശപ്പ് കുറഞ്ഞാല്‍ ഭാരം കുറയാന്‍ മറ്റൊന്നും വേണ്ടല്ലോ?

മുട്ട ഉള്‍പ്പെടുത്തിയുള്ള പ്രാതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ‘ബുഫെയ്’ രീതിയിലുള്ള ഉച്ച ഭക്ഷണം നല്‍കിയാണ് ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. ഇവര്‍ കാര്‍ബോ ഹൈഡ്രേറ്റ് സമ്പുഷ്ടമായ പ്രാതല്‍ കഴിച്ചവരെക്കാള്‍ വളരെ കുറവ് കലോറിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ ഉച്ചഭക്ഷണമായി തെരഞ്ഞെടുത്തുള്ളൂ.

ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നതുവഴി ഭക്ഷണ ക്രമീകരണത്തിലൂടെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സാധാരണ രീതിയിലുള്ളതിനെക്കാള്‍ 65 ശതമാനം അധികം ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന ഒരു മുന്‍ ഗവേഷണത്തെ ശരിവയ്ക്കുന്നതായിരുന്നു ഈ പഠനഫലം. മുട്ടയില്‍ ധാരാളമുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനാണ് സഹായമാവുന്നത്. മുട്ടയിലെ പ്രോട്ടിനുകളില്‍ പകുതിയും മഞ്ഞക്കരുവിലായതിനാല്‍ മുട്ട കഴിക്കുമ്പോള്‍ ഒരു ഭാഗവും ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍ ഉപദേശിക്കുന്നു.

അമേരിക്കയില്‍ നിലവിലുള്ള രണ്ട് തരം പ്രഭാത ഭക്ഷണ രീതികളാണ് പഠന വിധേയമാക്കിയത്. പ്രഭാത ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കുമെന്നും അതുവഴി തടി കുറയ്ക്കാനുള്ള വഴി താനേ തുറന്നു കിട്ടും എന്നുമാണ് ഗവേഷകര്‍ പറയുന്നത്. അതിനാല്‍, ഇനിമുതല്‍ രാവിലെ മുട്ട കഴിച്ചു തുടങ്ങാം, അമിതമായ തടി വേണ്ടെന്ന് വയ്ക്കാം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :