കണ്ണ് പരിശോധിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത അറിയാം; പുതിയ പഠനം

രേണുക വേണു| Last Modified ബുധന്‍, 15 ജൂണ്‍ 2022 (12:27 IST)

പ്രായവ്യത്യാസമില്ലാതെ നിരവധി പേരുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. പലപ്പോഴും ഹൃദയാഘാതത്തിനു സാധ്യത തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു. അവസാന സമയത്താണ് ഹൃദയത്തിനു ഗുരുതര തകരാറുണ്ടെന്ന് പലരും തിരിച്ചറിയുന്നത്. അപ്പോഴേക്കും അവര്‍ മരണത്തിന്റെ പടിവാതിലില്‍ എത്തിയിരിക്കാം. ഒരാളുടെ കണ്ണുകള്‍ പരിശോധിച്ചും ഹൃദയാഘാതത്തിനു സാധ്യത കണ്ടെത്താമെന്ന പുതിയ പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

റെറ്റിനയുടെ രക്തധമനികളുടെ (നേര്‍ത്ത ഞെരമ്പ്) സ്ഥാനചലനങ്ങളും പാറ്റേണും മനസ്സിലാക്കി ഹൃദയാഘാതത്തിനു സാധ്യത പ്രവചിക്കാമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഞെരമ്പുകളുടെ സ്ഥാനചലനവും നിറവ്യത്യാസവും ഹൃദ്രോഗത്തിന്റെ സാധ്യതയാണെന്നാണ് പഠനത്തില്‍ പറയുന്നത്. ഹൃദയത്തിലേക്ക് ഓക്സിജന്‍ സമ്പുഷ്ടമായ രക്തം വിതരണം ചെയ്യുന്ന ധമനിയില്‍ തടസ്സം സംഭവിക്കുകയും അവയവം അടച്ചുപൂട്ടുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഇത് കണ്ണിലെ റെറ്റിനക്കുള്ളിലെ ധമനികളിലും പ്രകടമാകും.

റെറ്റിനയിലെ രക്തക്കുഴലുകളുടെ പാറ്റേണുകള്‍ വര്‍ഷങ്ങളായി മാറിയേക്കാം, ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. ഒരു ലളിതമായ നേത്ര പരിശോധന പ്രക്രിയയിലൂടെ വിദഗ്ധര്‍ക്ക് ഹൃദയാഘാത സാധ്യത കണക്കാക്കാം, അതനുസരിച്ച് രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുകയും ചെയ്യുന്നു. ഡെയ്‌ലി എക്‌സ്പ്രിസിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :