Last Modified ചൊവ്വ, 16 ജൂലൈ 2019 (16:26 IST)
മുട്ട പുഴുങ്ങാനായി അടുപ്പത്ത് വച്ച് പിന്നീട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. മുട്ടയല്ലെ കുറച്ചു കൂടുതൽ നേരം തിളച്ചാലും കുഴപ്പം ഒന്നുമില്ല എന്നാണ് പൊതുവെയുള്ള നമ്മുടെ ധാരണ. എന്നാൽ ഇത് തെറ്റാണ് കൂടുതൽ നേരം മുട്ട വേവിച്ചാൽ ഗുരുതരമായ രാസമാറ്റം മുട്ടയിൽ ഉണ്ടാകും എന്നതാണ് വാസ്തവം.
കൂടുതൽ നേരം വേവിച്ച മുട്ടയുടെ മഞ്ഞക്കരുവിന് മുകളിലായി ഒരു പച്ച നിറത്തിലുള്ള ആവരണം നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അമിതമായി വേവുമ്പോൾ മുട്ടയുടെ വെള്ളയിൽ ഹൈഡ്രജൻ സൾഫൈഡ് ഉണ്ടാക്കും. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന അയൺ ഇതിനോട് ചേർന്ന് അയൺ സൾഫൈഡ് ആയി മാറുകയും മഞ്ഞയെ ചുറ്റി പച്ച ആവരണം ഉണ്ടാക്കുകയും ചെയ്യും.
അതിനാൽ അധിക നേരം മുട്ട തിളപ്പിക്കാതിരിക്കുക. മുട്ട പുഴുങ്ങാൻ പന്ത്രണ്ട് മിനിറ്റ് ധാരാളമാണ്. തിളപ്പിച്ഛു കഴിഞ്ഞാൽ ഉടൻ തന്നെ മുട്ട തണുത്ത വെള്ളത്തിലേക്ക് മാറ്റുക. ഇത് രാസപ്രവർത്തനങ്ങളെ ചെറുക്കും. കൂടുതൽ നേരം മുട്ട തിളപ്പിക്കുന്നത് മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ വിഘടിക്കുന്നതിനും കാരണമാകും.