Last Modified ചൊവ്വ, 16 ജൂലൈ 2019 (15:39 IST)
ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ പൊലീസിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ വിവരങ്ങൾ ചില പൊലീസുകാർ മതതീവ്രവദികൾക്ക് ചോർത്തി നൽകി എന്ന ഗുരുതര ആരോപണമാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. പക്ഷേ ഇത്തരത്തിൽ പ്രശ്നം ഗുരുതരമാക്കിയ പൊലീസുകാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് മാത്രം മുഖ്യമന്ത്രി പറയുന്നില്ല.
ക്രമസമാധാനം തകർന്ന സാഹചര്യങ്ങളിൽ പോലും ശബരിമലയിൽ ഡ്യൂട്ടി ചെയ്യാൻ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തയ്യാറായില്ല. പല പൊലീസുകാരും സുപ്രീം കോടതി വിധിക്ക് എതിരായാണ് പ്രവർത്തിച്ചത് പൊലീസ് സേനക്കുള്ളിൽ മതവും ജാതിയും ഉൾപ്പടെ അടിസ്ഥാനപ്പെടുത്തി പല സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ശബരിമല വിഷയത്തോടെ പൊതുജനങ്ങൾക്ക് പോലും മനസിലായി.
ശബരിമല വിഷയത്തിൽ സ്റ്റേറ്റിനൊപ്പം നിന്നു എന്ന് നെഞ്ചിൽ കൈവച്ച് പറയാമോ മുഖ്യമന്ത്രിക്ക് പോലും പൊലീസിനോട് ചോദിക്കേണ്ടി വന്നു എന്നാൽ അത് പൊലീസ് സേനയുടെ ആകെ പരാജയമാണ്. പൊലീസ് മന്ത്രിക്കും അതിൽ പങ്കുണ്ട്. രാഷ്ട്രീയ അതിപ്രസരവും മതവും ജാതിയും ഉൾപ്പടെയുള്ള വികാരവും പൊലീസ് സേനയിലേക്ക് കടന്നു കയറുന്നു എന്നത് വലിയ അപകടങ്ങളിലേക്ക് സംസ്ഥാനം നീങ്ങുന്നു എന്നതിന്റെ മുന്നറിയിപ്പാണ്.