Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (16:10 IST)
ആധുനിക ലോകത്തില്‍ എല്ലാവര്‍ക്കും തിരക്കാണ്. അച്ഛനും അമ്മയും ജോലിക്ക് പോകുന്നത് കാരണം കുട്ടികളാണ് പലപ്പോഴും കഷ്ടത്തിലാകുന്നത്. രാവിലത്തെ തിരക്കിനിടയില്‍ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ കഴിയാറില്ല.
അടുത്തിടെ നടന്ന ഒരു സര്‍വേ പ്രകാരം ഇന്ത്യയിലെ 40 ശതമാനം കുട്ടികളും പ്രാതല്‍ കഴിക്കുന്നില്ലെന്ന് കണ്ടെത്തി. സ്കൂളില്‍ ഉച്ചഭക്ഷണം കൊണ്ടു പോകാത്ത കുട്ടികളുടെ എണ്ണം 21.58 ശതമാനമാണെന്നും സര്‍വേയില്‍ വെളിപ്പെട്ടു. 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 18 ശതമാനവും അമിതഭാരമുള്ളവരാണെന്ന് കണ്ടെത്തല്‍ ഉണ്ടായിരുന്നു.
ഇത് അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാരണം കുട്ടികള്‍ സ്കൂള്‍ കാന്‍റീനുകളില്‍ നിന്ന് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം കഴിക്കാന്‍ ഇടയാക്കുമെന്നതിനാലാണിത്. സ്നാക്കുകള്‍ പോലുള്ള റെഡിമെയ്ഡ് ഭക്ഷണത്തെ ആശ്രയിക്കുന്ന കുട്ടികള്‍ അനാരോഗ്യകരമായ ഭക്ഷണശൈലി സ്വീകരിക്കാന്‍ ഇടവരുത്തുന്നു. അമിതവണ്ണം ഉണ്ടാകുകയായിരിക്കും ഇതിന്‍റെ ഫലം.
കുട്ടികള്‍ക്ക് അമിതവണ്ണമുണ്ടാകുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ റെഡിമെയ്ഡ് ഭക്ഷണത്തിന് തടയിടുകയും കുട്ടികളെ കായികാഭ്യാസ ക്ലാസുകളില്‍ കൊണ്ടാക്കുകയും ചെയ്യും. എന്നാല്‍, ഇതു കൊണ്ടു മാത്രം അമിതവണ്ണം കുറയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒറ്റയടിക്ക് റെഡിമെയ്ഡ് ഭക്ഷണം ഒഴിവാക്കാന്‍ കുട്ടികള്‍ക്കാവില്ല.
അമിതവണ്ണം നിയന്ത്രിക്കാന്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാമഗ്രികള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമിതമായി നെയ്യ് ചേര്‍ത്ത ഭക്ഷണവും ഒഴിവാക്കേണ്ടതുണ്ട്. സസ്യാഹാരം കൂടുതല്‍ അടങ്ങിയ ഭക്ഷണശൈലി ആണ് അഭികാമ്യമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ദിവസത്തിലെ ഏറ്റവും പ്രധാന ആഹാരം കാലത്തെയുള്ളതാണ്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടുള്ളതല്ല. രാവിലെ രാജാവിനെപ്പോലെ കഴിക്കണമെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ, എത്ര സമയമില്ലെങ്കിലും ബ്രേക്ഫാസ്റ്റ് കഴിക്കാനും കുട്ടികളെ കഴിപ്പിക്കാനും ഏവരും ശ്രദ്ധിക്കണം.