ന്യൂയോര്‍ക്ക്|
VISHNU N L|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (14:33 IST)
മാറിയ കാലത്ത് ഭക്ഷണവും ഭക്ഷണ ശീലങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും ഭക്ഷ്യ ദൌര്‍ബല്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാര്‍ഷിക വൃത്തിയില്‍ കൂടിയല്ലാതെ ചെറു ജീവികളെ ഭക്ഷണമാക്കാന്‍ നേരത്തെ ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സ്വന്തം വിസര്‍ജ്യം തന്നെ ഭക്ഷണമാക്കേണ്ടിവന്നാലോ? അത്തരമൊരു സാഹചര്യത്തിലേക്കാണ് കാലം പൊയ്ക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ അടുത്ത കാലത്തൊങ്ങും നമ്മള്‍ സാധാരണക്കാര്‍ ഇതൊന്നും ചെയ്യേണ്ടിവരില്ല. ഈ ദൌര്‍ഭാഗ്യം അനുഭവിക്കേണ്ടിവരിക ബഹിരാകാശ സഞ്ചാരികളാകും. ഏതായാലും മനുഷ്യ വിസര്‍ജ്യത്തില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കാനുള്ള ഗവേഷണങ്ങള്‍ക്ക് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി തുടക്കമിട്ടുകഴിഞ്ഞു. ഭാവിയില്‍ ഈ സങ്കേതം അഭയാര്‍ഥി ക്യാമ്പുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും ഉപയോഗിച്ചേക്കും.
ഏകദേശം ആറ് ലക്ഷം ഡോളര്‍ മുടക്കിയാണ്
നാസ പുതിയ ഭക്ഷണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്താന്‍ പോകുന്നത്. സൗത്ത് കാരലീനയിലെ ക്ലെമ്‌സണ്‍ സര്‍വകലാശാലയാണ് നാസക്കായി പഠനം നടത്തുന്നത്. സിന്തറ്റിക് ബയോളജി ഫോര്‍ റിസൈക്ലിംഗ് ഹ്യുമാന്‍ വേസ്‌റ്റ് ഇന്‍റ്റു ഫുഡ്, ന്യൂട്രാസ്യുട്ടിക്കല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ്' എന്ന പേരില്‍ മാര്‍ക്ക് ബ്ലന്നറുടെ നേതൃത്വത്തിലാണ് പഠനം നടക്കുക.
മനുഷ്യനെ ഭാവിയില്‍ ചൊവ്വാ പര്യവേക്ഷണത്തിനായി അയയ്ക്കാനൊരുങ്ങുന്ന നാസ അതിന്റെ മുന്നൊരുക്കങ്ങള്‍ക്കായാണ് പുതിയ പഠനം നടത്തുന്നത്. കൂടാതെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നിരന്തരമായി ഭക്ഷണം എത്തിക്കുന്നതിലുള്ള ചിലവ് കുറയ്ക്കുക എന്നതും ഉദ്ദേശിക്കുന്നു.
പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന റീസൈക്കിള്‍ മെഷീനിലേക്ക് നിക്ഷേപിക്കപ്പെടുന്ന വിസര്‍ജ്യം സിന്തറ്റിക് ആഹാരമായി പുറത്തുവരുന്ന രീതിയാവും പരീക്ഷിക്കപ്പെടുക. മൂന്ന് വര്‍ഷത്തിനുളളില്‍ പഠനം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.