എയിഡ്സിനെ പേടിക്കേണ്ട, എന്നാല്‍ മദ്യം...?

ജനീവ| WEBDUNIA|
PRO
മദ്യപാനത്തെയാണ് എയിഡ്സിനെക്കാളും പേടിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന. പുകവലി രോഗങ്ങള്‍, എയിഡ്സ്, അക്രമങ്ങള്‍ എന്നിവയേക്കാള്‍ കൂടുതല്‍ മരണം വിതയ്ക്കുന്നത് മദ്യമാണെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. ലോകവ്യാപകമായി നാല് ശതമാനം പേരാണ് മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ മരണപ്പെടുന്നത്.

ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളായ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ജനങ്ങളുടെ വരുമാനം ഉയര്‍ന്നതും മദ്യപാനം കൂടിയതിന് കാരണമായി പറയുന്നു. പല വിദേശരാജ്യങ്ങളിലും അമിത മദ്യപാനം ഒരു പ്രശ്നമാണ്.

എന്നാല്‍, യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ, മദ്യനിയന്ത്രണത്തിന് സര്‍ക്കാരുകള്‍ യാതൊരു പരി‌ഗണനയും നല്‍കുന്നില്ല. ഏകദേശം 2.5 മില്യണ്‍ ജനങ്ങളാണ് ഓരോ വര്‍ഷവും മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളാല്‍ മരണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിതമായ മദ്യപാനം ചെറുപ്പക്കാരെയാണ് ദോഷകരമായി ബാധിക്കുന്നത്. റഷ്യയിലും കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളിലും ഓരോ അഞ്ചു മരണവും മദ്യപാനം മൂലമാണ്. ലോകാരോഗ്യ സംഘടനയില്‍ അംഗമായ 193 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ കഴിഞ്ഞ മേയ് മാസത്തില്‍ മദ്യത്തിന് ഉയര്‍ന്ന നികുതിയേര്‍പ്പെടുത്താനും മദ്യവിപണി കര്‍ശനമാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലപ്രദമായി പ്രയോഗത്തില്‍ വരുത്തിയിട്ടില്ല.

മദ്യം അറുപതോളം രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് 2004ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മദ്യത്തിന്‍റെ ഉപയോഗം വിവിധതരം ക്യാന്‍സറുകള്‍ക്കും കരള്‍വീക്കം, അപസ്മാരം, വിഷബാധ, മറ്റ് അക്രമങ്ങള്‍, റോഡപകടങ്ങള്‍ തുടങ്ങിയവയ്ക്കും കാരണമാകുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :