Last Modified വെള്ളി, 4 മാര്‍ച്ച് 2016 (15:18 IST)
എത്രത്തോളം ആഹാരം കഴിക്കാമോ അത്രയും കഴിക്കുക, പിന്നെ കുറച്ചു നടക്കുക. ഇതാണു ഭൂരിപക്ഷം മലയാളികളുടെയും ഇപ്പോഴത്തെ ആരോഗ്യസങ്കല്‍പം. പുതുരുചികള്‍ തേടാനും പരീക്ഷിക്കാനുമാണ് പലരും ഇഷ്ടപ്പെടുന്നത്. ഇപ്പോള്‍ പൊറോട്ട മുതല്‍ ബര്‍ഗര്‍, പിസ വരെയുള്ള ഭക്ഷണശീലത്തിന് അത് വഴിയൊരുക്കുകയും ചെയ്തു.
ആഹാരം കഴിക്കുമ്പോള്‍ അവയുടെ ഗുണം അറിഞ്ഞ് ശരിയായ അളവില്‍ കഴിക്കുകയും ചിട്ടയായി വ്യായാമം ചെയ്യുകയും ചെയ്താല്‍ നമുക്ക് നല്ല ആരോഗ്യം സ്വന്തമാക്കാം. കൂടാതെ അമിതവണ്ണം കുറയ്ക്കുകയും ചെയ്യാം. ഏതൊരാള്‍ക്കും ആപത്തുണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണം. നമ്മള്‍തന്നെ ഒന്നു മനസുവച്ചാല്‍, എല്ലായ്‌പ്പോഴും ചുറുചുറുക്കുള്ള ആളാകാനും ജോലികള്‍ പ്രസരിപ്പോടെ ചെയ്യാനും നമുക്ക് സാധിക്കും. പ്രകൃതിഭക്ഷണ രീതിയും ആരോഗ്യസംരക്ഷണത്തിനു ഉത്തമമാണ്.
അമിതവണ്ണം കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചില മാര്‍ഗങ്ങള്‍ നമുക്കു തന്നെ ചെയ്യാന്‍ സാധിക്കുന്നതാണ്. അതില്‍ പ്രധാനമായ കാര്യമാണ് ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുകയെന്നത്.
രണ്ടു ചപ്പാത്തിയോ ഒരു കപ്പ് ചോറോ അല്ലെങ്കില്‍ ഒരു കപ്പ് ഓട്സ് എന്ന അളവിലേക്ക് അത്താഴം ക്രമീകരിക്കുക. സാലഡ്, സൂപ്പ്, പയര്‍, പരിപ്പ് ഇവയും അത്താഴത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇതിനുശേഷം ആവശ്യമെന്നു തോന്നുന്നുവെങ്കില്‍ കിടക്കുന്നതിനു മുമ്പായി ഒരു പഴം അല്ലെങ്കില്‍ പാട നീക്കിയ ഒരു ഗ്ലാസ് പാല്‍ വിശപ്പടങ്ങാനായി കഴിക്കാം.
വൈകുന്നേരത്തെ ഭക്ഷണത്തില്‍ ചിക്കന്‍, മീന്‍ എന്നിവ കഴിവതും ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അവയുടെ അളവു കുറക്കുക. കഴിവതും അതാതു സീസണില്‍ ലഭ്യമായ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കണം. പ്രാതല്‍ രാജാവിനെപ്പോലെയും അത്താഴം യാചകനെപ്പോലെയും വേണമെന്നാണ് ശാസ്ത്രം.
ഒരു ദിവസം ചുരുങ്ങിയത് 8 -10 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. രക്തശുദ്ധിക്കും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ചര്‍മ്മ സൌന്ദര്യത്തിനുമെല്ലാം വെള്ളം ആവശ്യമാണ്. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്.
ഭക്ഷണം കഴിക്കുമ്പോള്‍ വളരെ സാവധാനത്തോടെയും ആസ്വദിച്ചും കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കലോറിയുടെ അളവു കുറയ്ക്കാനും സഹായകമാണ്. പല പല കാര്യങ്ങളും ചിന്തിച്ചു കൊണ്ട് ആഹാരം കഴിക്കുന്നത് ശരീരത്തിനു നല്ലതല്ല.
ഭക്ഷണകാര്യത്തില്‍ പ്രഭാതഭക്ഷണത്തിന് ഏറ്റവും പ്രാധാന്യം നല്‍കുക. പ്രഭാതഭക്ഷണം സമീകൃതമായിരിക്കണം. പച്ചക്കറികള്‍ ധാന്യാഹാരം ഇവയ്ക്കൊപ്പം ഒരു ഗാസ് പഴച്ചാറ്, പുഴുങ്ങിയ മുട്ട, പാല്‍ അല്ലെങ്കില്‍ തൈര്, ഒരല്‍പം കൊഴുപ്പ് എന്നിവയും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതെല്ലാം ഒരുമിച്ചു കഴിക്കാതെ രാവിലെ അല്‍പം ഇടവിട്ട സമയങ്ങളില്‍ കഴിക്കുവാന്‍ ശ്രദ്ധിക്കണം.
നല്ല ഉറക്കമാണ് നല്ല ആരോഗ്യത്തിന്റെ അടിത്തറ. ഉറക്കക്കുറവ് സമ്മര്‍ദങ്ങള്‍ക്കിടയാക്കുന്നു. ഒരു ദിവസത്തില്‍ ചുരുങ്ങിയത് ഏഴുമുതല്‍ എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങാന്‍ ശ്രമിക്കണം.
രാവിലെ ഉണര്‍ന്നയുടനെ പത്തു മിനിറ്റ് നേരം സ്ട്രെച്ചിങ് വ്യായാമം ചെയ്യുന്നതു ശീലമാക്കുക. ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യത്തിനും നടുവേദന അകറ്റാനും സ്ട്രെച്ചിങ് വ്യായാമം സഹായിക്കും. ദിവസം മുഴുവനും ഇത് ഉന്മേഷം പകരും.
ഓരോ ദിവസത്തിലും കുറച്ചു നേരമെങ്കിലും വ്യായാമം ചെയ്യുന്നതിനായി മാറ്റിവക്കണം. ശരീര ഉണര്‍വു കൂട്ടാന്‍ ഇത് സഹായകരമാണ്. നടത്തം, സൈക്ലിങ് പോലുള്ള എയറോബിക്സ് വ്യായാമങ്ങളും വെയ്റ്റ് ട്രെയിനിങ് പോലുള്ള അണ്‍ - എയറോബിക് വ്യായാമങ്ങളും മാറി മാറി ചെയ്യുന്നതും ഉത്തമമാണ്. ഡംബല്‍ ഉപയോഗിച്ചുള്ള വെയ്റ്റ് ട്രെയിനിങ് വ്യായാമങ്ങളും ചെയ്യുക. വ്യായാമശേഷം പ്രോട്ടീന്‍ സമൃദ്ധ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.
ആരോഗ്യമെന്നാല്‍ മാനസികാരോഗ്യവും ഉള്‍പ്പെടുന്നതാണ്. അതിനാല്‍ സമ്മര്‍ദ്ദങ്ങളെ അകറ്റണം. നിങ്ങളുടേതായ രീതിയില്‍ അല്‍പനേരം ധ്യാനിക്കുകയോ പൂജാമുറിയില്‍ പ്രാര്‍ഥനയിലേര്‍പ്പെടുന്നതോ ശീലമാക്കുക. എല്ലാം മറന്ന് ഒരു പതിനഞ്ചു മിനിറ്റ് നേരമെങ്കിലും ധ്യാനത്തിനായി മാറ്റി വയ്ക്കുന്നത് മനസിന് സ്വസ്ഥത നല്‍കും.