തിരുവനന്തപുരം|
Last Modified വ്യാഴം, 26 നവംബര്‍ 2015 (13:48 IST)
സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍. ഹോട്ടലുകള്‍ക്കായി
വില നിയന്ത്രണ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഭക്ഷണത്തിന് അമിതവില ഈടാക്കിയാല്‍ അയ്യായിരം രൂപവരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നാണ് വ്യാപാരിവ്യവസായി ഏകോപന സമിതി അറിയിച്ചിരിക്കുന്നത്.
നിയമം നടപ്പാക്കിയാല്‍ പ്രക്ഷോഭം നടത്തുമെന്നും ഹോട്ടലുകളില്‍ വില ഏകീകരണം സാധ്യമല്ലെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ തീരുമാനവുമായി മുന്നോട്ടുപോകുമെന്നാണ് ഭക്‍ഷ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കാനായാണ് ഈ നിയമം വരുന്നത്. ഈ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഓരോ ജില്ലയിലെയും ഹോട്ടലുകളുടെ രജിസ്‌ട്രേഷനും വില നിയന്ത്രണത്തിനുമായി അതോറിറ്റി രൂപവത്കരിക്കും. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലായിരിക്കും അതോറിറ്റി. ഈ അതോറിറ്റി അംഗീകരിച്ച വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ കൊണ്ടുവരുന്നത്.
ഹോട്ടലുകള്‍ ചട്ടലംഘനം നടത്തിയാല്‍ ഹോട്ടലിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം അതോറിക്കുണ്ടാകും. ഇത് ഹോട്ടല്‍ ലൈസന്‍സ് വരെ നഷ്ടപ്പെടുന്ന രീതിയിലേക്ക് മാറും. ജില്ലാ അതോറിറ്റിയുടെ ഉത്തരവുകള്‍ക്കെതിരെ സിവില്‍ കോടതിയെ സമീപിക്കാന്‍ കഴിയില്ല. ഹോട്ടലുകളുടെ പട്ടികയില്‍ ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവയും വരും. എന്നാല്‍ നക്ഷത്ര ഹോട്ടലുകളും ഹെറിറ്റേജ് ഹോട്ടലുകളും ഈ പരിധിയില്‍ ഉള്‍പ്പെടില്ല.