നിങ്ങൾ ഇതൊക്കെ ചെയ്തവരാണോ? എങ്കിൽ മരണം അടുത്തിരിക്കുന്നു!

ആസ്തമ - അറിയേണ്ടതെല്ലാം!

aparna shaji| Last Updated: ബുധന്‍, 4 ജനുവരി 2017 (17:56 IST)
എന്നാല്‍ ഒരു ശ്വാസകോശരോഗമാന്ന് മാത്രമാണ് നാമെല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ശ്വാസകോശം മാത്രമല്ല ശരീരരത്തെ ആകമാനം ബാധിക്കുന്ന വില്ലനാണ് ആസ്ത്മ എന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും? എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ആസ്ത്മ മൂലം രക്തത്തിനും ശരീര കോശങ്ങള്‍ക്കും ദോഷകരമായ മാറ്റമുണ്ടാകും എന്നാണ്.

എന്താണ് ആസ്തമ?

ശ്വാസനാളികള്‍ ചുരുങ്ങുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നതുമൂലം ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതാണ് ആസ്ത്മയുടെ അടിസ്ഥാനപ്രശ്നം. സ്ത്രീപരുഷ ഭേദമന്യേ ഏതുപ്രായമുള്ളവരിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. ആയുര്‍വേദത്തില്‍ 'ശ്വാസരോഗം' എന്ന പേരിലാണ് ആസ്ത്മ അറിയപ്പെടുന്നത്.

ആസ്തമ അകറ്റി നിർത്താം:

നമ്മള്‍ പതിവായി ഉപയോഗിക്കുന്ന ചില പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ആസ്ത്മ അകറ്റാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര് വ്യക്തമാക്കുന്നുണ്ട്‍. കൈയെത്തും ദൂരത്ത് ഉണ്ടായിട്ടും ഒഴിവാക്കുന്ന പല ഭക്ഷണസാധനങ്ങള്‍ക്കും ഗുണകരമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വീടിന് മുറ്റത്തും പറമ്പിലുമായി നനച്ചുവളര്‍ത്തുന്ന ചീര ഇല വര്‍ഗത്തില്‍ പെട്ട ഉത്തമ ഔഷധമാണ്. വൈറ്റമിന്‍ സി, ബീറ്റ കരോട്ടീന്‍, വൈറ്റമിന്‍ ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ചീരയ്‌ക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കും.

അതുപോലെ അടുക്കളയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത മഞ്ഞളും ഉത്തമ ഔഷധമാണ്. പഴവര്‍ഗങ്ങളിലെ മൂപ്പനായ ആപ്പിളിന് ആസ്‌ത്മ തടയാന്‍ കഴിവുണ്ട്. ആപ്പിളുകളില്‍ അടങ്ങിയിട്ടുള്ള ഫ്ളാവനോയ്ഡുകളുടെ ആധിക്യം ആസ്ത്മയില്‍ നിന്ന് മോചനം നല്‍കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗ്ലൂടാത്തിയോണ്‍ അടങ്ങിയ വെണ്ണപ്പഴവും നല്ലതാണ്.

ഒരു ദിവസം ഒരു ഏത്തപ്പഴം കഴിക്കുന്നത് ആസ്ത്മയെ അകറ്റാന്‍ സഹായിക്കും. ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ആസ്ത്മയ്ക്ക് ഒരു മികച്ച പ്രതിവിധിയാണ്. ദിവസേന ഒരു ഏത്തപ്പഴം കഴിക്കുന്ന കുട്ടികളില്‍ 34 ശതമാനം പേര്‍ക്ക് മറ്റുള്ളവരേക്കാള്‍ ആസ്ത്മ രോഗം ഉണ്ടാവുന്നില്ലെന്നു കണ്ടെത്തി.

പാലും മറ്റ് പ്രോട്ടീന്‍ ഭക്ഷണങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാന്യങ്ങളും കിഴങ്ങു വര്‍ഗ്ഗങ്ങളും എണ്ണ, കൊഴുപ്പ്, പഞ്ചസാര എന്നിവയും ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ആസ്തമ രോഗികള്‍ക്ക് സഹായകമാകും.

60 മില്ലി ലിറ്റര്‍ ഉള്ളിയുടെ നീരും, 60 മില്ലി ലിറ്റര്‍ കാരറ്റ് നീരും, 60 മില്ലിലിറ്റര്‍ പാര്‍സിലിയുടെ നീരും ചേര്‍ത്ത ജ്യൂസ് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നിനൊപ്പം രാവിലെയും വൈകുന്നേരവും ഇത്തരം രോഗികള്‍ക്ക് നല്‍കാവുന്നതാണ്.

ഒഴിവാക്കുക ഈ ഭക്ഷണങ്ങൾ:

ചില ഭക്ഷണങ്ങള്‍ ആസ്തമ ഉണ്ടാക്കുന്നു. ഒരാളില്‍ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മറ്റൊരാളില്‍ അലര്‍ജി ഉണ്ടാക്കണമെന്നില്ല. ഭക്ഷണപദാര്‍ത്ഥത്തിലെ പ്രോട്ടീനോട് ശരീരം ശരിയായ രീതിയില്‍ പ്രതികരിക്കാത്തതാണ് അലര്‍ജിക്ക് കാരണം. തന്മൂലം രോഗപ്രതിരോധവ്യൂഹം പ്രവര്‍ത്തനസജ്ജമാവുകയും ആ ഭക്ഷണത്തിലെ പ്രോട്ടീന് എതിരായ ആന്‍റീബോഡി ശരീരത്തില്‍ ഉണ്ടാകുന്നു.

അടുത്ത സമയം ഇതേ ഭക്ഷണം കഴിക്കുമ്പോള്‍ മുമ്പുണ്ടായ ആന്‍റീബോഡികള്‍ മൂലം ശരീരത്തില്‍ അലര്‍ജിയുണ്ടാക്കുന്നു. മുലപ്പാല്‍ കുടിച്ച് വളരുന്ന കുട്ടികളില്‍ ആസ്ത്മ കുറവാണ്. ശരീരം ചുവന്ന് തടുക്കുക, വയറിളക്കം, ശ്വാസതടസ്സം എന്നിവയാണ് ആഹാരത്തോടുള്ള അലര്‍ജിയുടെ ലക്ഷണങ്ങള്‍. പൊണ്ണത്തടി കുറയ്ക്കുന്നതും ചെറുപ്പം മുതലേ ഭക്ഷണത്തില്‍ പഴവും പച്ചക്കറികളും മത്സ്യങ്ങളും ഉള്‍പ്പെടുത്തുന്നതും ആസ്ത്മ ഒരു പരിധിവരെ കുറയ്ക്കുന്നു.

പുകവലി അഥവാ കാലൻ:

ആസ്ത്മയ്ക്ക് കാരണമാകുന്നതും അത് വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുകയിലപ്പുക. കൂടാതെ കുട്ടികളില്‍ ആസ്ത്മ തുടങ്ങുന്നതിനും പുകയിലപ്പുക കാരണമാകാറുണ്ട്. കൌമാരത്തില്‍ തന്നെ പുകവലി ശീലമാക്കിയവരെയാണ് ആസ്ത്മ വിടാതെ പിടികൂടാറുള്ളത്. എരിയുന്ന സിഗരറ്റ് ബീഡി എന്നിവയില്‍ നിന്ന് വരുന്ന പുകയില്‍ വളരെ അപകടകരമായ ഘടകങ്ങള്‍ അടങ്ങിയതാണ് ഇതിനു കാരണം.

ഗര്‍ഭകാല സമയത്ത് അമ്മ പുകവലിക്കുകയോ പരോക്ഷപുക ഏല്‍ക്കുകയോ ചെയ്യുന്നത് നവജാതശിശുവിന്റെ ഭാരം കുറയ്ക്കാന്‍ കാരണമാകാറുണ്ട്. കുഞ്ഞിന്റെ ശ്വാസകോശവളര്‍ച്ചയും ശ്വാസനാളവ്യാപ്തിയും കുറയുന്നതിനും ഇത് കാരണമാകാറുണ്ട്. പരോക്ഷമായി പുകവലി ഏല്‍ക്കുന്ന ആസ്ത്മാരോഗികളില്‍ രോഗലക്ഷണങ്ങള്‍ ശക്തമാകാറുണ്ട്. ആസ്ത്മ അകറ്റുന്നതിന് പുകയിലയെ അകറ്റുന്നതുമാത്രമാണ് ഏകപ്രതിവിധി.

പ്രതിവിധി:

ആസ്ത്മയ്ക്ക് ഇടയാക്കുന്ന ബാഹ്യകാരണങ്ങള്‍ കണ്ടെത്തി ചികിത്സ നടത്തുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്. മരുന്നുകള്‍ കഴിക്കുന്നതോടൊപ്പം ജീവിതശൈലി ക്രമീകരണം, ശ്വസനവ്യായാമം, ലഘുവ്യായാമം, വിശ്രമം ഇവയും വളരെ അനിവാര്യമാണ്. സ്വേദനം, സ്നേഹപാനം, വമനം, വിരേചനം, നസ്യം തുടങ്ങിയ പഞ്ചകര്‍മചികിത്സകള്‍ നടത്തുന്നതും ഈ രോഗത്തിനു വളരെ ഫലപ്രദമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :