സജിത്ത്|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (17:24 IST)
പൊണ്ണത്തടി കാരണം കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. അമിതമായ അളവിലുള്ള ഭക്ഷണവും വ്യായാമക്കുറവും ജനിതിക തകരാറുകളുമൊക്കെയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണമായി പറയുന്നത്. തടി കുറക്കാനുള്ള മരുന്നുകള്‍, കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ എന്നിവയും ഇത്തരം അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
സ്വാഭാവികമാര്‍ഗങ്ങള്‍ അവലംബിക്കുകയാണെങ്കില്‍ ഒരുപരിധി വരെ പൊണ്ണത്തടി കുറയ്ക്കാന്‍ സാധിക്കും. ഭക്ഷണക്രമീകരണവും വ്യായാമവുമാണ് തടി കുറക്കാനുള്ള സ്വാഭാവികമാര്‍ഗങ്ങളായി പറയപ്പെടുന്നത്. വ്യായാമം ചെയ്യുന്നത് കൊണ്ട് തടി കുറയുക മാത്രമല്ല, അത് ആരോഗ്യത്തിനും വളരെ ഉത്തമമാണ്. എല്ലാവര്‍ക്കും ചെയ്യാവുന്ന ഏറ്റവും ലളിതമായ ഒരു വ്യായാമമാണ് നടത്തം. ഇതുമൂലം ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാന്‍ കഴിയും.
ശാരീരിക അധ്വാനം തീരെ ഇല്ലാത്തവര്‍ക്കാണ് നടപ്പ് ഏറെ പ്രയോജനം ചെയ്യുക. അതുപോലെ വീട്ടുജോലികള്‍ ചെയ്യുന്നതും നല്ലൊരു അധ്വാനമാണ്. അടിച്ചുതുടക്കുക, പൂന്തോട്ടപ്പണി, കാര്‍ കഴുകുക, തുണി കഴുകുക എന്നിവയെല്ലാം തടി കുറക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്. മുകള്‍ നിലയിലാണ് ഓഫീസെങ്കില്‍ ലിഫ്റ്റും എലിവേറ്ററും ഉപയോഗിക്കുന്നതിന് പകരം കോണിപ്പടികള്‍ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.
മലർന്നു കിടന്ന് തല മുതൽ നെഞ്ച് വരെയുളള ഭാഗം ഉയർത്താൻ ശ്രമിക്കുക. ഒപ്പം രണ്ടു കാലും ഒരുമിച്ചു പൊക്കിപ്പിടിക്കുക. ആദ്യം ചെയ്യുന്നവർ ഒരു കാൽ മാത്രം പൊക്കിപ്പിടിച്ചാൽ മതി. കൈയുടെ സഹായമില്ലാതെ വേണം ഇതു ചെയ്യേണ്ടത്. പറ്റുന്നത്ര നേരം ഈ നില തുടരുക. ആവശ്യത്തിന് ഇടവേള നൽകി ദിവസം കുറഞ്ഞത് ഇരുപത് മിനിറ്റെങ്കിലും ഈ വ്യായാമം ചെയ്യാന്‍ ശ്രമിക്കണം.
മലർന്നു കിടക്കുക. തുടര്‍ന്ന് കാൽമുട്ട് മടക്കി പാദങ്ങൾ നിലത്ത് അമർത്തുക. നട്ടെല്ലിന്റെ വളവുളള ഭാഗത്തു തലയണയോ ഷീറ്റ് മടക്കിയതോ വയ്ക്കുക. ശ്വാസം പിടിച്ചു വയർ പരമാവധി ഉളളിലേക്കു വലിച്ചു പിടിക്കുക. പത്തു സെക്കൻഡിനുശേഷം ശ്വാസം വിടുക. ഇരുപതു മിനിറ്റോളം ഈ വ്യായാമം ചെയ്യുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും വയര്‍ കുറയ്ക്കുന്നതിനും വളരെ നല്ലതാണ്.
വയർ കുറയ്ക്കാനും കൊഴുപ്പ് അകറ്റാനും പറ്റിയ ഒരു വ്യായാമമാണ് ശയനപ്രദക്ഷിണം. ഇത്തരത്തില്‍ ചെയ്യുന്നത് മൂലം പേശികള്‍ക്കു ദൃഢത നൽകുകയും വയർ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. വയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് ഇല്ലാതാക്കാൻ വ്യായാമം ചെയ്യുന്നതിനൊപ്പം തന്നെ ഭക്ഷണനിയന്ത്രണത്തിലൂടെയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
അബ‌്ഡൊമിനല്‍ മസിലിനെ കരുത്തുളളതാക്കുന്ന വ്യായാമങ്ങളാണു എല്ലായ്പ്പോളും ചെയ്യേണ്ടത്. അമിതമായ കൊഴുപ്പ് കത്തിച്ചു കളയുന്നവയാണ് ഇത്തരം വ്യായാമങ്ങൾ. നീന്തല്‍ ഏറ്റവും നല്ലൊരു വ്യായാമമാണ്. അതുപോലെ സൈക്ലിങ്, ജോഗിങ് എന്നീ എക്സർസൈസുകളും വയറിന് നല്ല വ്യായാമം നൽകും. ഒറ്റത്തവണ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നത് ഒരിക്കലും നല്ല കാര്യമല്ലയെന്ന് ഓര്‍ക്കണം.