മതി ഇരുന്നത്, ഇനി എഴുന്നേറ്റ് നടക്കൂ...

vishnu| Last Updated: തിങ്കള്‍, 16 മാര്‍ച്ച് 2015 (12:53 IST)
ഇരുന്ന് ജോലിചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കേണ്ടതുണ്ട്. കാരണം ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ഇരുന്ന് ജോലിചെയ്യുന്നവരെ കാത്ത് കാന്‍സര്‍ അടക്കമുള്ള മഹാരോഗങ്ങള്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഇത് മറികടക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. എന്താണെന്ന് അറിയാമോ...? എഴുന്നേറ്റ് നടക്കുക... അത്രതന്നെ! എന്താ സംശയമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് വായിച്ചുനോക്കൂ... നിങ്ങള്‍ക്കറിയാമോ, സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ അനുബന്ധജോലി ചെയ്യുന്നവര്‍ എന്നിവരില്‍ പൊതുവായി കണ്ടുവരുന്ന അസുഖമാണ് നടുവേദന.

ഇതിനു കാരണം കൂടുതല്‍ നേരം ഇരിക്കുന്നത് മൂലം നട്ടെല്ലിന് ക്ഷതം സംഭവിക്കുന്നതുകൊണ്ടാണ്. കൂടാതെ കൂടുതല്‍ നേരം ഇരിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കുകയും ശരീരത്തിന്‍റെ വിവിധഭാഗങ്ങളിലേയ്ക്കുള്ള രക്തഓട്ടം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വളരെ ഗുരുതരമായ അവസ്ഥയാണ് ഉണ്ടാ‍ക്കുക. അതായത് രക്തയോട്ടം കുറയുന്നത് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ അവ നശിച്ചുപോകുന്നതിനു കാരണമാകും. ഈ അടുത്തകാലത്ത്‌ പുറത്തുവന്ന പഠനം പറയുന്നത്‌ കൂടുതല്‍ സമയം ഇരുന്ന് ജോലിചെയ്യുന്നവരുടെ ഹ്യദയത്തിന്‌ തകരാറുണ്ടാകുന്നു. ഹ്യദയത്തിലേയ്ക്ക് രക്തമെത്തിക്കുന്ന ധമനികള്‍ക്ക് കേടുണ്ടാകുകയും അതുവഴി ഹ്യദയാഘാതം ഉണ്ടാകുകയും ചെയ്യുന്നു.

ഇരുന്നു ജോലിചെയ്യുന്നതൊടൊപ്പം കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതുമൂലം പല ഗുരുതരമായ രോഗങ്ങളിലേയ്ക്കും മനുഷ്യനെ കൊണ്ടെത്തിക്കുന്നു . അതായത്‌ ഹ്യദ്രോഹം കാന്‍സര്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങി പല മാരകമായ രോഗങ്ങള്‍ക്കും സാധ്യത ഒരുക്കലാണ് ഈ ഭക്ഷണ ശീലം. എന്നാല്‍ ഈ ഭീകരമായ അവസ്ഥകളില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ചുനേരം നടക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌ ഒരു മനുഷ്യന്‍ ദിവസം 10000 സ്റ്റെപ്പ് നടക്കുകയാണെങ്കില്‍ അവന്‍ ആരോഗ്യവാനായിരിക്കും എന്നാണ്‌.
കൂടാതെ ദിവസവുമുള്ള വ്യായാമവും ആരോഗ്യവിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഇതുകൂടാതെ എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യാതെ ഇടക്ക് വിശ്രമിക്കുക, കുറച്ചുനേരം എണീറ്റുനില്‍ക്കുക, ദിവസവും വ്യായാമം ചെയ്യുക എന്നിവ ചെയ്യുന്നത് രക്തയോട്ടം, നട്ടെല്ല്, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാന്‍ സഹായിക്കും. ദിവസവുമുള്ള വ്യായാമത്തിലൂടെമാത്രമേ ഹ്യദയത്തിലേക്കുള്ള രക്തഓട്ടം കൂടുകയുള്ളൂ എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. അതിനാല്‍ ജീവിത ശൈലി അല്‍പ്പം മാറ്റി നോക്കൂ നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാ‍ം. ഇത്രയും നേരം വായിച്ചിട്ടൂം നിങ്ങള്‍ ഇരിപ്പുതുടരുകയാണോ? എഴുന്നേറ്റു നടക്കൂ... ഓര്‍ക്കുക നടത്തം ആരോഗ്യത്തിന് നല്ലതാണ്...



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :