ക്രമം തെറ്റിയ ആര്‍ത്തവം; പിസിഒഡി പ്രശ്‌നമുള്ള സ്ത്രീകള്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

പിസിഒഡി പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം

രേണുക വേണു| Last Modified വെള്ളി, 17 നവം‌ബര്‍ 2023 (09:40 IST)

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഡി) സ്ത്രീകള്‍ സാധാരണയായി കാണപ്പെടുന്ന ആരോഗ്യ പ്രശ്‌നമാണ്. ഹോര്‍മോണ്‍ വ്യതിയാനമാണ് പ്രധാനമായും പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ച രൂപപ്പെടുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ വന്ധ്യത പോലെയുള്ള ഗൗരവ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കും. ആര്‍ത്തവത്തിലെ ക്രമം തെറ്റലാണ് പിസിഒഡിയുടെ പ്രധാന ലക്ഷണം. കൃത്യമായ ഡേറ്റില്‍ ആര്‍ത്തവം സംഭവിക്കാതിരിക്കുക, അമിതമായ രക്തസ്രാവം, ബ്ലീഡിങ് നീണ്ടുപോകുക എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്.

പിസിഒഡി പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. ഇക്കൂട്ടര്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ പരമാവധി ഒഴിവാക്കണം. മധുരമുള്ള ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയിലും നിയന്ത്രണം വേണം. പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ അധികം കഴിക്കരുത്. റെഡ് മീറ്റ്, പ്രൊസസ് ചെയ്ത മാംസ വിഭവങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. സോഡ, മദ്യം, കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ എന്നിവയും അമിതമായി കുടിക്കരുത്.

ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, സംസ്‌കരിക്കാത്ത ഭക്ഷണങ്ങള്‍, ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ ധാരാളം കഴിക്കാം. ചെറി, ചുവന്ന മുന്തിരി, മള്‍ബറി തുടങ്ങിയ ഫ്രൂട്ട്‌സ് വിഭവങ്ങള്‍ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ശീലമാക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കണം. നെയ്യ്, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :