VISHNU N L|
Last Modified ശനി, 13 ജൂണ്‍ 2015 (14:22 IST)
കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില്‍ ഒട്ടേറെ വീടുകളില്‍ ചാമ്പയ്‌ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള്‍ ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികള്‍ക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലര്‍ന്ന
ചാമ്പയ്ക്ക വിറ്റാമിന്‍ സിയുടെ കലവറയായാണ് പറയുന്നത്. കൂടാതെ ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയില്‍ സുലഭമായി അടങ്ങിയിരിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്‌ക്ക. ചാമ്പയ്‌ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികള്‍ക്കു നല്ലത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്‌ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.
വേനല്‍ക്കാലത്ത് ചാമ്പയ്‌ക്ക ശീലമാക്കിയാല്‍ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്‌മികള്‍ ശരീരത്ത് ഏല്‍ക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചാമ്പയ്‌ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയല്‍ അണുബാധയെ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്‌ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്‌ക്ക സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിനും ചാമ്പയ്‌ക്ക ഉത്തമമാണ്.
സ്ഥിരമായി ചാമ്പയ്‌ക്ക കഴിക്കുന്നവര്‍ക്ക് പ്രോസ്റ്റേറ്റ്-സ്‌തനാര്‍ബുദ സാധ്യത കുറവായിരിക്കും. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള്‍ ചാമ്പയ്‌ക്കയിലുണ്ട്. കൊളസ്‌ട്രോളിന്റെ രൂപപ്പെടല്‍ ചാമ്പയ്‌ക്ക കഴിക്കുന്നവരില്‍ ഒരു പരിധിവരെ ഇല്ലാതാകുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം, മസ്‌തിഷ്ക്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറയുന്നു.
ചാമ്പക്ക കഴിക്കുന്നതിലൂടെ കണ്ണിലെ സമ്മര്‍ദ്ദം കുറയുകയും, എപ്പോഴും നവോന്മേഷത്തോടെ ഇരിക്കുകയും ചെയ്യുന്നു. ഇത് കാഴ്‌ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്‌ടി തുടങ്ങിയവയ്‌ക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.