കരട് മദ്യനയം: പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇല്ല; മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ബാറുടമയ്ക്കും ഉത്തരവാദിത്വം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബിവറേജസ് കോര്‍പ്പറേഷന്‍ (BEVCO) ഔട്ട്ലെറ്റുകള്‍ അനുവദിക്കേണ്ടെന്നും, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന സംഭവങ്ങളില്‍ ബന്ധപ്പെട്ട ബാറുടമകളെയും ഉത്തരവാദികളാക്കണമെന്നും നിര്‍ദ്ദേശിക്കുന്ന പുതിയ കരട് മദ്യനയം സര്‍ക്കാരിന്റെ പരിഗണനയില്‍. ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്താനും, പുതിയ ത്രീ-സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നത് നിയന്ത്രിക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.
നിലവില്‍ സംസ്ഥാനത്ത് 906 ബാറുകളാണുള്ളത്. ഇതില്‍ 515 എണ്ണം ത്രീ-സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ളവയാണ്. 720 ബാറുകളുണ്ടായിരുന്ന സ്ഥാനത്താണ് എണ്ണം 906-ലേക്ക് ഉയര്‍ന്നത്. ഈ വര്‍ദ്ധനവ് കണക്കിലെടുത്ത് ലൈസന്‍സിങ് സംവിധാനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിനൊപ്പം പുതിയ ബാറുകള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കരട് നയം നിര്‍ദ്ദേശിക്കുന്നു. ഫോര്‍-സ്റ്റാര്‍, ഫൈവ്-സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും മാറ്റം വന്നേക്കാം.
കൂടാതെ, ബാറുകളുടെ പ്രവര്‍ത്തനസമയവും പുനഃപരിശോധിക്കും. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ നയത്തിലൂടെ ഈ സമയക്രമത്തില്‍ മാറ്റം വരുത്താനാണ് നീക്കം.
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം, ബാറുകള്‍ക്കും ഉത്തരവാദിത്വം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഏറെ ശ്രദ്ധേയമാണ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍, ആ വ്യക്തി മദ്യം കഴിച്ച ബാറിന്റെ പങ്ക് പരിശോധിക്കണമെന്നും ബാറുടമകള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ടെന്നും കരട് നയത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതിനായി എക്‌സ്പീരിയന്‍സ് ടൂറിസത്തിന്റെ ഭാഗമായി അംഗീകൃത ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. എന്നിരുന്നാലും, മദ്യനയത്തിലെ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. പുതിയ മദ്യനയം സംബന്ധിച്ച അന്തിമ തീരുമാനം വരുന്നതോടെ സംസ്ഥാനത്തെ മദ്യവില്‍പ്പന മേഖലയിലും ബാര്‍ ലൈസന്‍സിങ് സംവിധാനത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കും.
