കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം
വെല്ലിങ്ടൺ ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്‌സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സിൽ 368 ന് ഓൾഔട്ട് ആകുകയായിരുന്നു. ഒൻപത് വിക്കറ്റ് ശേഷിക്കെ ന്യൂസിലൻഡിന്റെ സ്‌കോറിൽ നിന്ന് 227 റൺസ് അകലെയാണ് ഇന്ത്യ.
ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും കെ.എൽ.രാഹുലും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ജയ്‌സ്വാൾ 89 പന്തുകൾ നേരിട്ട് 16 ഫോറുകളോടെ 85 റൺസ് നേടി പുറത്തായി. 97 പന്തിൽ 49 റൺസുമായി കെ.എൽ.രാഹുൽ ക്രീസിലുണ്ട്. നാല് റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് രാഹുലിന് കൂട്ട്.
ഹെൻറി നിക്കോൾസിന്റെയും (335 പന്തിൽ 175), ഗ്ലെൻ ഫിലിപ്‌സിന്റെയും (216 പന്തിൽ 118) സെഞ്ചുറികളാണ് കിവീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്കായി 29 ഓവറിൽ 92 റൺസ് വഴങ്ങി ജസ്പ്രിത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപിന് മൂന്ന് വിക്കറ്റ്. അൻഷുൽ കംബോജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
