തന്ത്രങ്ങളെല്ലാം പിഴച്ചു, സ്പാനിഷ് മധ്യനിരയെ തടയാനായില്ല: തോൽവിയുടെ കാരണം പറഞ്ഞ് എംബാപ്പെ
2026 ഫിഫ ലോകകപ്പ് സെമിഫൈനലില്‍ സ്‌പെയിനിനോട് 2-0ന് പരാജയപ്പെട്ട ഫ്രാന്‍സിന്റെ പ്രകടനത്തെ വിമര്‍ശിച്ചുകൊണ്ട് ഫ്രാന്‍സ് നായകനായ കിലിയം എംബാപ്പെ. ടീമിന് തന്ത്രപരമായും സാങ്കേതികപരമായും വലിയ പിഴവുകള്‍ സംഭവിച്ചെന്നും അതിന്റെ വിലയായി ഫൈനല്‍ പ്രവേശനം നഷ്ടമായെന്നും എംബാപ്പെ തുറന്നുപറഞ്ഞു.
ആര്‍ലിങ്ടണില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ സ്‌പെയിന്‍ മധ്യനിര കളിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. റോഡ്രിയും ഫാബിയാന്‍ റൂയിസും ചേര്‍ന്ന് സ്‌പെയ്‌നിന്റെ കളി മെനഞ്ഞെടുത്തപ്പോള്‍ സ്‌പെയ്ന്‍ മധ്യനിരയെ തടയുന്നതില്‍ ഫ്രാന്‍സിന്റെ പദ്ധതികളെല്ലാം പരാജയപ്പെട്ടതായി മത്സരശേഷം സംസാരിക്കവെ എംബാപ്പെ പറഞ്ഞു. ഞങ്ങള്‍ കളി നിയന്ത്രിച്ചില്ല.സാങ്കേതികമായും തന്ത്രപരമായും മികച്ച നിലവാരത്തിലെത്താന്‍ കഴിഞ്ഞില്ല. സ്‌പെയിന്‍ ഞങ്ങളുടെ എല്ലാ പിഴവുകളും ഫലപ്രദമായി മുതലെടുത്തു, എംബാപ്പെ വ്യക്തമാക്കി.
ടൂര്‍ണമെന്റിലെ തന്നെ മികച്ച ആക്രമണനിരയെന്ന പെരുമയുമായാണ് ഫ്രാന്‍സ് മത്സരത്തിനെത്തിയെങ്കിലും സ്‌പെയ്ന്‍ മധ്യനിര പന്ത് പൂര്‍ണമായും കൈവശം വെച്ചു.എംബാപ്പെ, ഒസ്മാന്‍ ഡെംബെലെ, മൈക്കല്‍ ഒലിസെ എന്നിവര്‍ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മറുവശത്ത് മൈക്കല്‍ ഒയാര്‍സബാലിന്റെ പെനാല്‍റ്റിയും പെഡ്രോ പോറോയുടെ ഗോളും സ്‌പെയ്‌നിന് ഫൈനല്‍ ടിക്കറ്റ് നേടികൊടുക്കുകയായിരുന്നു. ഇംഗ്ലണ്ട്-അര്‍ജന്റീന സെമിയിലെ വിജയിയെ ആകും ഫൈനലില്‍ സ്‌പെയ്ന്‍ നേരിടുക.ALSO READ: പരിശീലക സ്ഥാനത്ത് നിന്ന് ദെഷാംപ്സ് പുറത്തേക്ക്, പകരമെത്തുന്നത് സിദാൻ?, ലക്ഷ്യം 2030