മിസ്റ്റര്‍ ഫ്രോഡ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍| Last Updated: ശനി, 17 മെയ് 2014 (16:30 IST)
ആദിത്യപുരം കൊട്ടാരത്തിലെ നിധിശേഖരം കൊള്ളയടിക്കണമെന്ന ക്വട്ടേഷന്‍ മിസ്റ്റര്‍ ഫ്രോഡിനെ ഏല്‍പ്പിക്കുന്നത് ചിത്രത്തിലെ പ്രധാനവില്ലനെന്ന് ആദ്യകാഴ്ചയില്‍ തന്നെ മനസിലാകുന്ന ദേവ് ഗില്‍ ആണ്. നിഖില്‍ അഥര്‍വ എന്നാണ് ദേവ് ഗില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 2500 കോടിരൂപ മൂല്യമുള്ള നിധിശേഖരമാണത്രേ തറവാട്ടിലുള്ളത്. അത് മോഷ്ടിക്കാനായി മോഹന്‍ലാലും സംഘവും (സംഘം എന്നാല്‍ രണ്ടുപേര്‍ - വിജയ് ബാബുവും ഹിന്ദി നടി മഞ്ജരി ഫട്നിസും) കേരളത്തിലേക്ക്. മൂല്യനിര്‍ണയം നടത്താനായി വരുന്ന ശിവറാം എന്ന വിദഗ്ധനായാണ് മോഹന്‍ലാലിന്‍റെ കേരളത്തിലെ അവതാരം.
 
ഒരു വലിയ നിധിശേഖരം ഉണ്ട് എന്ന് അറിയുമ്പോള്‍ പ്രാഥമികമായി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? പത്മനാഭസ്വാമിക്ഷേത്രം തന്നെ ഉദാഹരണമായി എടുക്കാം. നല്ല പ്രൊട്ടക്ഷന്‍ നല്‍കുക എന്നതല്ലേ ആദ്യത്തെ കാര്യം? ഈ നിധി കൊള്ളയടിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന സാമാന്യബുദ്ധിയില്‍ ഉദിക്കുന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ അതുണ്ടാവാതെ നോക്കാനുള്ള കരുതല്‍ എടുക്കണം. നിധി സൂക്ഷിക്കുന്ന നിലവറയില്‍ നിന്ന് പുറത്തേക്ക് തുരങ്കങ്ങളോ മറ്റ് വഴികളോ ഉണ്ടെന്ന് പ്രാഥമികമായി കണ്ടെത്തി അത് ബ്ലോക്ക് ചെയ്ത് സുരക്ഷ ശക്തമാക്കണം. 
 
എന്നാല്‍ 2500 കോടിയുടെ നിധിയുണ്ടെന്ന് കരുതുന്ന കൊട്ടാരത്തിന് സര്‍ക്കാര്‍ വലിയ ശ്രദ്ധയൊന്നും കൊടുക്കുന്നില്ല എന്നാണ് സംവിധായകന്‍ മിസ്റ്റര്‍ ഫ്രോഡില്‍ പറയുന്നത്. ഒരു ഡി വൈ എസ് പിയെ (ഡി വൈ എസ് പി സാജന്‍ - സായ്കുമാര്‍)കൊട്ടാരത്തിലേക്ക് അയക്കുകയും അയാളുടെ സാന്നിധ്യം അവിടെയുണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുകയും മാത്രമാണ് അധികാരികള്‍ ചെയ്യുന്നത്. നിധിയുടെ പ്രൊട്ടക്ഷനായി കൊട്ടാരത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ ഒരു പ്രൈവറ്റ് ഏജന്‍സിയുടെ സഹായം തേടിയിട്ടുണ്ട്. അവര്‍ തോക്കുകളുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. എല്ലായിടത്തും ക്യാമറയും വച്ചിട്ടുണ്ട്.
 
ഇതൊക്കെ ബ്രേക്ക് ചെയ്യാന്‍ കഴിയുന്നവനാകണമല്ലോ കള്ളനായ നായകന്‍. ബാക്കിയുള്ളവരെയൊക്കെ മണ്ടന്‍‌മാരായിരിക്കുകയും വേണം. ഒരു തുരങ്കത്തിന്‍റെ സാധ്യതയെക്കുറിച്ച് ഇത്രയും കാലമായിട്ടും ചിന്തിക്കുക പോലും ചെയ്യാത്തവര്‍ മണ്ടന്‍‌മാര്‍ തന്നെയല്ലേ? എന്തായാലും, തീര്‍ത്തും ലോജിക്കില്ലാത്ത, ഒട്ടും ബുദ്ധിപരമല്ലാത്ത കാര്യങ്ങളെ അവ നായകന്‍റെ വലിയ ബ്രില്യന്‍‌സായി ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ് ഈ സിനിമയില്‍. ഇതൊക്കെ കണ്ട് വെറുതെ നെടുവീര്‍പ്പിടാമെന്നല്ലാതെ പ്രേക്ഷകര്‍ക്കിവിടെ വലിയ റോളോന്നുമില്ല.
 
അടുത്ത പേജില്‍ - മിസ്റ്റര്‍ ഫ്രോഡ് അഥവാ ഹിസ് ഹൈനസ് അബ്ദുള്ള




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :