യാത്രി ജെസെന്‍|
Last Updated:
ശനി, 31 മെയ് 2014 (13:54 IST)
അഭിനേതാക്കളില്‍ ദുല്‍ക്കറും നിവിന്‍ പോളിയും ഫഹദും നസ്രിയയുമെല്ലാം ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നു. കൂട്ടത്തില്‍ കൂടുതല്‍ സ്കോര്‍ ചെയ്തത് നിവിന്‍ പോളി തന്നെ. ആള്‍ നന്നായി ഹ്യൂമര്‍ ചെയ്തിട്ടുണ്ട്. "ഇന്ന് രാത്രിയല്ലേ അമ്മയ്ക്ക് ഫ്ലൈറ്റ്? അതിന് മുമ്പ് കല്യാണം കഴിക്കാന്‍ നിവൃത്തിയില്ല" എന്ന ഡയലോഗിലൊക്കെ നമുക്ക് ദിലീപിന്‍റെ ഫ്ലക്സിബിലിറ്റി കാണാം നിവിന്‍ പോളിയില്‍. ദുല്‍ക്കറിനും ഫഹദിനും വലിയ കോംപ്ലക്സ് കഥാപാത്രങ്ങളാണ്. അവര്‍ അത് ഗംഭീരമാക്കിയിട്ടുമുണ്ട്. രണ്ട് വ്യത്യസ്ത മാനസിക തലങ്ങള്‍ അഭിനയിപ്പിച്ചുഫലിപ്പിക്കാന്‍ ഫഹദിന് അനായാസം കഴിഞ്ഞിട്ടുണ്ട്. കുട്ടിത്തം വിട്ടിട്ടില്ലാത്ത കഥാപാത്രമാണെങ്കിലും ക്ലൈമാക്സോടെ ഏറെ ആഴമുള്ള വ്യക്തിത്വമായി ദിവ്യ പ്രകാശ് മാറുന്നുണ്ട്. അത് മനോഹരമാക്കാന്‍ നസ്രിയയ്ക്കായി.
എങ്കിലും ഇവരില്‍ എല്ലാവരെയുംകാള്‍ എനിക്ക് പ്രിയപ്പെട്ടത് പാര്‍വതി മേനോന്‍ അവതരിപ്പിച്ച ആര്‍ജെ സേറയാണ്. സിനിമ തീര്‍ന്ന് പുറത്തിറങ്ങിയാലും സേറ നമ്മുടെ കൂടെപ്പോരും. എത്ര ഉജ്ജ്വലമായാണ് പാര്‍വതി ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അവള്‍ ഒരേസമയം ശക്തയും നിസഹായയുമാണ്. അവള്‍ ബോള്‍ഡാണ്‍, എന്നാല്‍ എപ്പോഴും അമ്മയെ അനുസരിക്കാന്‍ മാത്രം അറിയുന്നവളാണ്. സേറയുടെ അമ്മ(രേഖ)യെപ്പോലെ, അവളെ ഓര്‍ത്ത് നമ്മളും പ്രൌഡ് ആകും സിനിമ കഴിയുമ്പോള്‍. സേറയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹം നല്‍കി ഞാന്‍ മനസുകൊണ്ട്.
പിന്നെ എന്നെ വിസ്മയിപ്പിച്ച ഒരു താരം കല്‍പ്പനയാണ്. കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനിടെ ഇത്രയും മികച്ച ഒരു കഥാപാത്രത്തെ കല്‍പ്പനയ്ക്ക് ലഭിച്ചിട്ടില്ല. ആ ടി വി കാണുന്ന രംഗത്ത് അവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങള്‍ അത്ഭുതാവഹം. പല വേരിയേഷനുള്ള റോളില്‍ ശരിക്കും മിന്നിത്തിളങ്ങുകയായിരുന്നു കല്‍പ്പന. ഭര്‍ത്താവ് ഭക്തിമൂത്ത് നാടുവിട്ട ശേഷം(ആ ഭക്തി ഗോവയില്‍ നിന്നുള്ള ഒരു കത്തിന്‍റെ മണമായി നമ്മെ ചിരിപ്പിക്കുന്നുണ്ട് പിന്നീട്) മുറിയില്‍ കയറി കതകടച്ച് നിവിന്‍ പോളിയോട് ഒരു ഡയലോഗുണ്ട് കല്‍പ്പന. പിന്നീട് മറ്റ് ബന്ധുക്കളുടെ മുമ്പില്‍ വേറൊരു പ്രകടനം. കല്‍പ്പന ഒരവാര്‍ഡ് അര്‍ഹിക്കുന്നുണ്ട് :)
മികച്ച സംവിധാനം, ഒന്നാന്തരം തിരക്കഥ - ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയുടെ വിജയം അഞ്ജലി മേനോന്‍റെ വിജയമാണ്. ഈ ഡയറക്ടറില്‍ നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാം മലയാളികള്‍ക്ക്. അഞ്ജലിക്ക് ആവശ്യമുള്ളതെല്ലാം ഒരുക്കിക്കൊടുത്ത ആ നല്ല നിര്‍മ്മാതാവ്, അന്‍വര്‍ റഷീദിനും നന്ദി പറയാം.
കുറച്ചുമുമ്പ് ജോസഫ് ജെസെന്‍ വിളിച്ചു. "തനിക്ക് സിനിമ കാണണേല്‍ ഞാന്‍ കൊണ്ടുപോകില്ലേ? വയ്യാതെ തനിയെ ഡ്രൈവ് ചെയ്യണോ?" എന്നൊരു ചോദ്യം. അമ്മു വിളിച്ച് അറിയിച്ചതായിരിക്കും. "ജോസഫേ, സിനിമയൊക്കെ നിങ്ങള്‍ടെ ഇപ്പോഴത്തെ ഭാര്യയെ(ഞാന്‍ ചിന്നമ്മു എന്ന് വിളിക്കുന്ന ഗ്രേസി, അവള്‍ ഇപ്പോള്‍ എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയാണ്) കൊണ്ടു കാണിച്ചാല്‍ മതി" എന്ന കുറിക്കുകൊള്ളുന്ന ഡയലോഗടിച്ചു ഞാന്‍. എന്താ കക്ഷീടെ ഒരു പൊട്ടിച്ചിരി. എന്തായാലും രണ്ടാളും ഇന്ന് ബാംഗ്ലൂര്‍ ഡെയ്സിന് ടിക്കറ്റെടുത്തിട്ടുണ്ടത്രേ :)