യാത്രി ജെസെന്‍|
Last Updated:
ശനി, 31 മെയ് 2014 (13:54 IST)
മൂന്ന് പേരുടെ പ്രണയജീവിതമാണ് കഥ. സിനിമ കഴിയുമ്പോള്‍ അവരുടെ ജീവിതം നമ്മള്‍ ജീവിച്ചുതീര്‍ത്തതുപോലെ. അവരുടെ തമാശകളും സാഹസികതകളും നമ്മുടേതായതുപോലെ. ജീവിതവും സിനിമയും തമ്മില്‍ ലയിച്ചൊന്നാവുന്ന മാജിക് അനുഭവിക്കണമെങ്കില്‍ കാണുക - ബാംഗ്ളൂര്‍ ഡെയ്സ്!
മൂന്ന് തലതെറിച്ച കുട്ടികള്‍ക്കിടയില്‍ നാലാമനായി ഗൌരവക്കാരനായ ഒരു കുട്ടി കടന്നുവന്നാല്‍ എങ്ങനെയിരിക്കും. അത് അവര്‍ക്കും അവനും അത്ര സുഖകരമായിരിക്കില്ല. ആ അസുഖകരമായ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കുമ്പോഴുണ്ടാകുന്ന അലോസരങ്ങളെയും തരിമ്പും ബോറടിക്കാതെ രസിക്കണമെങ്കിലും തല്ക്കാലം വേറെ വഴിയില്ല - ബാംഗ്ളൂര്‍ ഡെയ്സ് കാണുക എന്നതല്ലാതെ!
തെറ്റുപറ്റുക എന്നത് മനുഷ്യസഹജമാണ്. ഒരിക്കല്‍ സംഭവിച്ചുപോയ ഒരു തെറ്റിന് ജീവകാലം പിഴയൊടുക്കേണ്ടിവരുന്ന കഥാപാത്രങ്ങളെ പലപ്പോഴും നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്. അവയൊന്നും തിരുത്തപ്പെടാതെ കുറ്റബോധത്തില്‍ ജീവിക്കുകയും പിന്നീട് ദുരന്തങ്ങളാവുകയും ചെയ്യുന്ന കഥകളായിരുന്നു എങ്കില്‍, ഇവിടെ എല്ലാം പെയ്തൊഴിഞ്ഞ ഒരു മഴപോലെ. എല്ലാ വീഴ്ചകളെയും ഒടുവില്‍ കരുത്താക്കി മാറ്റുന്നുണ്ട്. എല്ലാ ഇരുളും വെളിച്ചമായി മാറുന്നുണ്ട്. ആ നന്‍മ കണ്ടുതന്നെ അറിയണം - ബാംഗ്ളൂര്‍ ഡെയ്സിന്റെ ആ അടിപൊളിക്കാലത്തേക്ക് സ്വാഗതം!
ഒരു ഗംഭീര സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. സമീപകാലത്ത് എന്ന് പറയേണ്ട, ഇങ്ങനെ ആഹ്ലാദിച്ച് കണ്ടിരുന്നുപോയ സിനിമ ഞാന്‍ അധികം കണ്ടിട്ടില്ല. ഇത്രയും എനര്‍ജി ഉള്ളിലേക്ക് തന്ന ഒരു സിനിമ വിരളമാണ്. ഇത്രയും മനോഹരമായി ബന്ധങ്ങളെ വിഷ്വലൈസ് ചെയ്ത സിനിമ അപൂര്‍വമാണ്.
അടുത്ത പേജില്‍ - കാല്‍പ്പനികമായ ആത്‌മീയത