യാത്രി ജെസെന്‍|
Last Updated:
ശനി, 31 മെയ് 2014 (13:54 IST)
ഇന്നലെ ആദ്യ ഷോ തന്നെ കണ്ടു ഞാന്‍ ബാംഗ്ലൂര്‍ ഡെയ്സ്. വീട്ടില്‍ വന്ന് റിവ്യു ടൈപ്പ് ചെയ്യാനിരുന്നപ്പോള്‍ കഴിയുന്നില്ല. കൈകള്‍ക്കൊരു വിറയല്‍ പോലെ. വലിയ തളര്‍ച്ച. അമ്മു ആകെ പേടിച്ചു. നാവിനടിയില്‍ ഇടേണ്ട ടാബ്‌ലറ്റ് ഇട്ടുതന്നു. പിന്നെ ഡോ.നാരായണനെ വിളിച്ചു. അദ്ദേഹം വന്ന് പരിശോധിച്ച് തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ അമ്മുവിനോട് ഒരു കമന്‍റ് - "നിര്‍ബന്ധം പിടിച്ച് മോശം സിനിമ കണ്ടാല്‍ ബി പിയും കൂടും പാല്‍പ്പിറ്റേഷനും വരുമെന്ന് മമ്മയ്ക്ക് പറഞ്ഞുകൊടുക്കൂ അമ്മൂ".
അപ്പോള്‍ തന്നെ ഡോക്ടര്‍ക്ക് മറുപടിയും കൊടുത്തു ഞാന്‍ - "സിനിമ കണ്ടതുകൊണ്ടല്ല ഈ തളര്‍ച്ച. തനിയെ ഡ്രൈവ് ചെയ്തതിന്‍റെയാ. പിന്നെ ബാംഗ്ലൂര്‍ ഡെയ്സ് കണ്ട് ഒരിക്കലും പാല്‍പ്പിറ്റേഷന്‍ വരില്ല. ഇത്രയ്ക്ക് കാല്‍പ്പനികമായ ആത്മീയത ജനിപ്പിച്ച ഒരു സിനിമ ഞാന്‍ കണ്ടിട്ടില്ല ഡോക്ടര്‍. തിയേറ്ററില്‍ ഞാന്‍ വിളിച്ചുപറയാം, ഡോക്ടറും വൈഫും നാളെത്തന്നെ പോയി കാണൂ"- ഡോക്ടര്‍ ചിരിച്ചുകൊണ്ട് തലയാട്ടി.
ആ പ്രയോഗം കറക്‍ടാണെന്ന് തോന്നുന്നു - കാല്‍പ്പനികമായ ആത്‌മീയത. ഇങ്ങനെ ഒരു കൊമേഴ്സ്യല്‍ സിനിമ കണ്ടുതീരുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നതല്ല ഈ മനഃസുഖം. ഉള്ളിലാകെ ഒരു തെളിച്ചം. ഒരു ലോഡ് ഫ്രഷ് എയര്‍ വന്നുമൂടിയതുപോലെ. ഹാ, അഞ്ജലി മേനോന്‍, നിങ്ങളുടെ കഴിഞ്ഞ സിനിമ (ഉസ്താദ് ഹോട്ടല്‍) എനിക്കുപകര്‍ന്ന ആഹ്ലാദം ഈ ചിത്രത്തോടെ ഇരട്ടിയാകുന്നു.
കൃഷ്ണന്‍ പി പി(കുട്ടന്‍ എന്ന് വിളിക്കും - സാക്ഷാല്‍ നിവിന്‍ പോളി), അര്‍ജ്ജുന്‍ എന്ന അജു(ദുല്‍ക്കര്‍ സല്‍മാന്‍), ദിവ്യ പ്രകാശ്(നസ്രിയ) എന്നീ കസിന്‍സിന്‍റെ കഥയാണ് ബാംഗ്ലൂര്‍ ഡെയ്സ്. പിന്നെ, ദിവ്യയുടെ ഭര്‍ത്താവ് ദാസിന്‍റെയും(ഫഹദ് ഫാസില്‍). ഒരു പക്കാ ടെക്കി ബോയ് ആണ് കൃഷ്ണന്‍ എന്ന കുട്ടന്‍. തനി പാലക്കാട്ടുകാരന്‍. പാലക്കാടന്‍ മട്ടയുടെയും ഇവിടത്തെ മണ്ണിന്‍റെയും വെള്ളത്തിന്‍റെയും നന്‍മയുടെയും വിലയറിഞ്ഞ് ജീവിക്കുന്ന ഒരു സാധു. അര്‍ജ്ജുന്‍ അങ്ങനെയല്ല. തനി പോക്കിരിയാണ്. പഠനം പാതിവഴിയില്‍ നിര്‍ത്തി ഒളിച്ചോടിയവന്‍. ദിവ്യയാകട്ടെ അമ്മയുടെ ജ്യോതിഷഭ്രാന്തിനിരയായവളാണ്‍. ചെറുപ്രായത്തില്‍ തന്നെ അവള്‍ക്ക് വിവാഹിതയാകേണ്ടിവരുന്നു. "ബാംഗ്ലൂരില്‍ വരാനായി ബസ് ടിക്കറ്റ് എടുത്താല്‍ മതി, കല്യാണം കഴിക്കേണ്ട കാര്യമില്ല" - എന്ന അജുവിന്‍റെ കമന്‍റിനോട് ശുണ്ഠിയിടുന്നുണ്ടെങ്കിലും അവള്‍ ആവേശത്തിലാണ്. വിവാഹത്തിന്‍റെ ആവേശമല്ല അത്. കസിന്‍സ് എല്ലാവരും ബാംഗ്ലൂരില്‍ ഒത്തുചേരാന്‍ പോകുന്നതിന്‍റെ.
അടുത്ത പേജില്‍ - തുറക്കപ്പെടാത്ത മുറികള്‍!