ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
PRO
ദി കിംഗ്, കമ്മീഷണര്‍, ഭരത്ചന്ദ്രന്‍ ഐ പി എസ് എന്നീ സിനിമകള്‍ കണ്ടിട്ടുള്ളവരോട് ഒരുവാക്ക്. ആ ഒരു പ്രതീക്ഷ വച്ചാണ്, ആ ഫയര്‍ ആശിച്ചാണ് ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ഈ സിനിമ കാണാന്‍ തിയേറ്ററില്‍ കയറുന്നതെങ്കില്‍ - പച്ച മലയാളത്തില്‍ പറയട്ടെ - വല്ലാതെ സങ്കടപ്പെട്ടുപോകും. ഭരത്ചന്ദ്രനും ജോസഫ് അലക്സും ഒരുമിച്ചുവരുന്നതിന്‍റെ ആവേശമൊക്കെ ആദ്യ ഒരുമണിക്കൂറില്‍ കെട്ടടങ്ങിപ്പോകും. പിന്നെ ഉള്ളില്‍ ഒരു അസ്വസ്ഥതയാണ്. മൂന്നര മണിക്കൂര്‍ നേരം തിയേറ്ററിലെ തണുപ്പില്‍ കെട്ടിയിട്ട് മിനിറ്റിന് മിനിറ്റിന് കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് കേള്‍ക്കേണ്ടിവരുന്നതിന്‍റെ അസ്ക്യത. അതിനപ്പുറത്ത് അവസാനിക്കാത്ത അന്വേഷണങ്ങള്‍, ചോദ്യം ചെയ്യലുകള്‍, അടി, വെടിവയ്പ്. തലയ്ക്കുള്ളില്‍ ഒരു ഒരുപാട് ബോംബുകള്‍ നിരനിരയായി പൊട്ടുന്നതിന്‍റെ അസഹ്യത. ക്ഷമകെട്ട് ഇറങ്ങിപ്പോരാന്‍ പറ്റില്ല, എഡിറ്ററോട് വാക്കുപറഞ്ഞതാണ്.
രണ്‍ജി പണിക്കരുടെ മുന്‍ സിനിമകളുടെ തിരക്കഥകളില്‍, കിംഗ് തന്നെയെടുക്കാം, ആ സിനിമയില്‍ ഒരു ഒന്നര മണിക്കൂര്‍ ഡയലോഗുകള്‍ കൂടി എഴുതിച്ചേര്‍ത്ത് ചിത്രീകരിച്ചാല്‍ എങ്ങനെയിരിക്കും. അതുപോലെയാണ് ഈ സിനിമ. ഇത് സിനിമയല്ല, ഒരു മത്സരമാണ്. ഭരത്ചന്ദ്രന്‍ ഒരു ഡയലോഗ് പറയുമ്പോള്‍ അതിനെ മറികടക്കുന്ന വെടിക്കെട്ട് ജോസഫ് അലക്സ് പൊട്ടിച്ചല്ലേ പറ്റൂ. അല്ലെങ്കില്‍ താരങ്ങളുടെ ഫാന്‍സ് പൊറുക്കില്ല. ബാലന്‍സ് നഷ്ടപ്പെട്ടുപോകും. താരങ്ങളുടെ ഇമേജ് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ തിരക്കഥാകൃത്തും സംവിധായകനും ബദ്ധപ്പെടുന്നത് കാണുമ്പോള്‍ സഹതാപം തോന്നും. മലയാള സിനിമയിലെ കൊമേഴ്സ്യല്‍ തമ്പുരാക്കന്‍മാര്‍ പതിനാറ് വര്‍ഷത്തിന് ശേഷം ഒന്നിച്ചപ്പോള്‍ കാത്തിരുന്ന മലയാളികള്‍ക്ക് ഈ സിനിമ ഒരു സന്തോഷവും തരുന്നില്ല. ഒരു ത്രില്ലും സമ്മാനിക്കുന്നില്ല. കഥയില്ലാതെ, പുതുമയുള്ള രംഗങ്ങളില്ലാതെ, പുത്തന്‍ കാഴ്ചകളില്ലാതെ മടുപ്പിക്കുന്ന തിരക്കഥയില്‍ കുത്തിനിറച്ച സംഭാഷണ വര്‍ഷം.
മമ്മൂട്ടിയോ സുരേഷ്ഗോപിയോ നിരന്ന് നിന്ന് അലറിവിളിച്ചാല്‍ പ്രേക്ഷകര്‍ കൈയടിച്ച് ആഘോഷമാക്കും എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഈ സിനിമയുണ്ടായതെന്ന് നിസംശയം പറയാം. ജനങ്ങള്‍ നല്ല സിനിമകള്‍ കണ്ടുതുടങ്ങിയത്, മലയാളിത്തമുള്ള സിനിമകളെ കൂടുതലായി ഇഷ്ടപ്പെട്ട് തുടങ്ങിയത് കളക്ടറുടെയും കമ്മീഷണറുടെയും സ്രഷ്ടാക്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല. മൂന്നരമണിക്കൂര്‍ തലവേദന നല്‍കുന്ന ഒരു പ്രൊഡക്ടിന് ഇരയായതിന്‍റെ ദുഃഖത്തില്‍ തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ ചെയറിന്‍റെ കൈപ്പിടിയില്‍ വിരലുകള്‍ ചുരുട്ടി ആഞ്ഞിടിച്ചു!