കാസനോവയുടെ വഴിയേ ‘കിംഗ് ആന്‍റ് കമ്മീഷണര്‍’‍!

WEBDUNIA|
PRO
ഒടുവില്‍ ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ തിയേറ്ററിലെത്തുകയാണ്. മാര്‍ച്ച് 16ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഒടുവില്‍ ഷാജി കൈലാസ് സ്ഥിരീകരിച്ചിരിക്കുന്നു - ചിത്രം മാര്‍ച്ച് 23ന് പ്രദര്‍ശനത്തിനെത്തും.

മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായിരുന്ന ‘കാസനോവ’യുടെ റിലീസിംഗ് രീതിയാണ് കിംഗ് ആന്‍റ് കമ്മീഷണറിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്. റിലീസ് ചെയ്തതുപോലെ ലോകമെമ്പാടുമായി 200 സ്ക്രീനുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും. ആദ്യ അഞ്ചു ദിവസങ്ങളില്‍ എല്ലാ കേന്ദ്രങ്ങളിലും അഞ്ചു ഷോ വീതം പ്രദര്‍ശിപ്പിക്കും. അങ്ങനെ അഞ്ചു ദിവസം കൊണ്ട് 5000 പ്രദര്‍ശനങ്ങള്‍!

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച് സേഫ് ആകാനാണ് നീക്കം. ആന്‍റോ ജോസഫ് നിര്‍മ്മിച്ച ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ക്ക് തിരക്കഥയെഴുതിയത് രണ്‍ജി പണിക്കരാണ്. ജോസഫ് അലക്സായി മമ്മൂട്ടിയും ഭരത് ചന്ദ്രനായി സുരേഷ്ഗോപിയും വീണ്ടും എത്തുന്നു.

വൈഡ് റിലീസ് കൊണ്ട് പരമാവധി ഇനിഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമാണ് കാസനോവ. എന്നാല്‍ പിന്നീട് സിനിമ വീണുപോയി. കിംഗ് ആന്‍റ് കമ്മീഷണര്‍ക്ക് അങ്ങനെയൊരു ഗതി വരില്ലെന്നും ചിത്രം ലോംഗ് റണ്‍ കളിക്കാന്‍ പ്രാപ്തമാണെന്നുമാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. എന്തായാലും ജോസഫ് അലക്സും ഭരത്ചന്ദ്രനും ഒന്നിക്കുന്ന സിനിമ തിയേറ്ററുകളില്‍ സ്ഫോടനം സൃഷ്ടിക്കുമോ അതോ നനഞ്ഞ പടക്കമാകുമോ എന്ന് മാര്‍ച്ച് 23ന് അറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :