സമയം രാവിലെ ആറ് മണി. ഒരു ബോട്ടില്‍ അവര്‍ മുംബൈ തീരത്തെത്തുന്നു. ഒരാളെ കൊല്ലുന്നു. ഒരു മിനി വാനില്‍ എങ്ങോട്ടോ പോകുന്നു. ഇവര്‍ തീവ്രവാദികളാണ് നമുക്ക് ഒരു ഫോണ്‍ കോളിലൂടെ മനസ്സിലാകും. തലവന്‍ മൊബൈല്‍ ഫോണിലൂടെ നിര്‍ദ്ദേശം നല്‍കുന്നു. ഇവര്‍ ബോംബുണ്ടാക്കുന്നു. ഫോണ്‍ വിളിച്ചാല്‍ ബോംബ് പൊട്ടും എന്ന് തലവന്‍ അറിയിക്കുന്നു. എവിടെയൊക്കെയാണ് ബോംബ് വയ്ക്കേണ്ടത് എന്ന് നിര്‍ദ്ദേശം നല്‍കുന്നു,
ഇനി മറ്റൊരു ഫോണ്‍ കഥ. ക്യാമറ ഒരു ചേരിയിലേക്ക് തിരിയുന്നു. അവിടെ ഒരു ടെന്‍റില്‍ എ ആര്‍ റഹ്‌മാനെയും സ്വപ്നം കണ്ട് ഒരു ട്രാക്ക് ഗായകന്‍ ഉറങ്ങുന്നുണ്ട് - കാര്‍ത്തിക്(ജയസൂര്യ). കാര്‍ത്തിക്കിന് സുഹൃത്തിന്റെ ഒരു കോള്‍ വരുന്നു. റഹ്‌മാന്‍റെ ഗാനത്തില്‍ ട്രാക്ക് പാടാന്‍ കാര്‍ത്തിക്കിന് അവസരം ഉണ്ടെന്നാണ് കോള്‍. ക്യാമറ ഒരു വലിയ കെട്ടിടത്തിനു മുകളിലെ കാഴ്ച കാട്ടുകയാണ് പിന്നീട്. അവിടെയും ഒരു ഫോണ്‍ കഥയുണ്ട്. ഒരു പെണ്‍കുട്ടി(അഞ്ചല്‍ സബര്‍വാള്‍) ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുകയാണ്. വീട്ടുകാര്‍ക്കുള്ള സന്ദേശം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നു. ഇനി ഒരു മൂന്ന് മിനുട്ട് നേരത്തേക്ക് സസ്പെന്‍സ് ആണ്. അവള്‍ ആത്മഹത്യ ചെയ്യുമോ ഇല്ലയോ?.
കൈവിടര്‍ത്തി അവള്‍ മെല്ലെ മെല്ലെ പിന്നാക്കം വരുന്നു. ടെറസിന്റെ അറ്റത്ത് എത്തി. ഒരു ഒരു ചെറിയ കല്ല് അവളുടെ കാലില്‍ തട്ടി താഴേക്ക് വീഴുന്നുണ്ട്. അപ്പോള്‍ നമ്മള്‍ അറിയുന്നു എത്ര ഉയരത്തിലാണ് അവള്‍ നില്‍ക്കുന്നതെന്ന്. ദാ അവള്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യും. ഇനി ഒരടി വച്ചാല്‍ താഴെയെത്തും. അപ്പോഴതാ അവളുടെ ഫോണ്‍ റിംഗ് ചെയ്യുന്നു. കാര്‍ത്തിക് ആണ് മറുവശത്ത്. റഹ്‌മാനൊപ്പം പാടാന്‍ അവസരം കിട്ടിയ കാര്യം പറയുന്നു. റഹ്‌മാന് ഗിഫ്റ്റ് നല്‍കാന്‍ ഡ്രീം സോംഗ് റെക്കോര്‍ഡ് ചെയ്യേണ്ടെ എന്ന് ചോദിക്കുന്നു. അവള്‍ ഫോണ്‍ കട്ട് ചെയ്യുന്നു. ഇനി ആത്മഗതമാണ് - ‘ആരാണ് ഒരു ഫോണ്‍ കോള്‍ കൊണ്ട് എന്‍റെ ജീവിതം മാറ്റി മറിച്ചത്?’ അത് പിന്നീട് നമ്മള്‍ അറിയും. ക്യാമറ മറ്റൊരു ജീവിതത്തിലേക്ക് തിരിയുന്നു.
ഒരു വീടാണ് രംഗം. അവിടെ ഒരു കുട്ടിയും വേലക്കാരിയുമുണ്ട്. കുട്ടിയെ നേഴ്സായ അമ്മ ഫോണ്‍ വിളിക്കുന്നു. കാര്യങ്ങള്‍ അന്വേഷിക്കുന്നു. കുട്ടി പറയുന്നു. ഇന്ന് തന്റെ ഹാപ്പി ബര്‍ത്ത്‌ഡേ ആണെന്ന്. മറുവശത്ത് സോറി പറയുന്നു. വരാന്‍ പറ്റില്ല തിരക്കാണ്. ബര്‍ത്ത്‌ഡേ ഞായറാഴ്ച ആഘോഷിക്കാം എന്ന് പറയുന്നു. അതിനിടയില്‍ കുട്ടിയുടെ അച്ഛനെ കോണ്‍ഫറന്‍സ് കോളില്‍ കണക്ട് ചെയ്യുന്നു. ഡോക്ടറായ അച്ഛനും വരാന്‍ പറ്റില്ലെന്നു പറയുന്നു. ഫോണ്‍ വയ്ക്കുമ്പോള്‍ കുട്ടിയുടെ അമ്മ പറയുന്നു എന്തുവന്നാലും ഓള്‍ഡ് ഹോമിലേക്ക് വിളിക്കരുതെന്ന്. ഇനി രംഗം ഓള്‍ഡ് ഹോമാണ്. അവിടെ ഒരു വൃദ്ധനും വൃദ്ധയും ഒരു ഗിഫ്റ്റ് പാക്കറ്റ് പൊട്ടിക്കുകയാണ്. അതില്‍ കുട്ടിയുടെ കത്ത് ഉണ്ട്. ഇന്ന് തന്റെ ബര്‍ത്ത്‌ഡേ ആണെന്നും മുത്തച്ഛന്‍ വരണമെന്നും അവന്‍ കത്തിലെഴുതിയിട്ടുണ്ട്. മുത്തച്ഛന് അല്‍ഷിമേഴ്സ് ആണ്. അതിനാല്‍ വീടിന്റെ വിലാസം കുട്ടി ഒരു കടലാസില്‍ എഴുതി ഗിഫ്റ്റിനിപ്പം വച്ചിട്ടുണ്ട്. ഒരു ഫോണും അക്കൂട്ടത്തിലുണ്ട്. അതിലൂടെ കുട്ടിയെ വിളിക്കുകയും ചെയ്യാം. വൃദ്ധയുടെ സഹായത്തോടെ വാര്‍ഡനെ കബളിപ്പിച്ച് മുത്തച്ഛന്‍ കുട്ടിയെ കാണാന്‍ ഓള്‍ഡ് ഹോമില്‍ നിന്ന് ഇറങ്ങുന്നു.