കൈരളി ടിവിയില്‍ നിന്ന് രാജിവച്ചൊഴിഞ്ഞ ജോണ്‍ ബ്രിട്ടാസ് അല്‍പകാലത്തിന് ശേഷം കൈരളി ടിവിയിലേക്ക് തന്നെ മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയും. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന കൈരളി ടിവി ജീവനക്കാരുടെ യോഗത്തിലാണ് പിണറായി ഇങ്ങിനെ പറഞ്ഞത്. സ്ഥലത്ത് ഇല്ലായിരുന്നതിനാല്‍ മമ്മൂട്ടി യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും അദ്ദേഹം അയച്ചുകൊടുത്ത പ്രസ്താവനയിലാണ് രാജി താല്‍ക്കാലികമാണെന്ന് പറഞ്ഞിരിക്കുന്നത്.
“ബ്രിട്ടാസ് ഇപ്പോള്‍ രാജിവച്ചൊഴിയുന്നത് താല്‍ക്കാലികമായി മാത്രമാണ്. ദൃശ്യമാധ്യമ രംഗത്തെ കൂടുതല്‍ പഠനത്തിനു ശേഷം അദ്ദേഹം കമ്പനിയിലേക്കു മടങ്ങുമെന്നുമാണ് എന്റെ പ്രതീക്ഷ. പ്രതിസന്ധി ഘട്ടത്തില്‍ കൈരളിയെ പിടിച്ചു നിര്‍ത്തുകയും പിന്നീട് മുന്നോട്ടു നയിക്കുകയും ചെയ്‌ത വ്യക്‌തിയാണ് ബ്രിട്ടാസ്. അദ്ദേഹത്തിന് കൈരളി വിട്ട് പോകാന്‍ കഴിയില്ല എന്നാണ് ഞാന്‍ കരുതുന്നത്” - പിണറായി പറഞ്ഞു.
“ഞാന്‍ അല്‍പം തിരക്കിലായത് കൊണ്ടാണ് യോഗത്തില്‍ വരാന്‍ പറ്റാതിരുന്നത്. എന്തായാലും, ബ്രിട്ടാസ് എവിടെയാണെങ്കിലും ഏതു ഘട്ടത്തിലും മടങ്ങിവരാന്‍ കമ്പനിയുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്ന് ഞാന്‍ ഈ സാഹചര്യത്തില്‍ ഓര്‍മിപ്പിക്കട്ടെ. ബ്രിട്ടാസ് താല്‍ക്കാലികമായാണ് ഇപ്പോള്‍ ഒഴിയുന്നതെന്നാണ് ഞാന്‍ കരുതുന്നത്” - മമ്മൂട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു.
എല്ലാം കേട്ടുകൊണ്ട് ഇരുന്ന ബ്രിട്ടാസ് മറുപടി പ്രസംഗം നടത്തുമ്പോള്‍ തിരിച്ചുവരുന്ന കാര്യം സൂചിപ്പിക്കുകയുണ്ടായില്ല. പകരം, പിണറായി വിജയനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും നന്ദി പ്രകടിപ്പിക്കുകയാണ് ബ്രിട്ടാസ് ചെയ്തത്.
ബ്രിട്ടാസിനെ ചുറ്റിപ്പറ്റി ഏറെ ഊഹാപോഹങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അന്തര്‍ദ്ദേശീയ മാധ്യമമായ സ്റ്റാര്‍ ടിവിയിലേക്ക് ബ്രിട്ടാസ് ചേക്കേറുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുത്ത ചില ജീവനക്കാര്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. പാര്‍ട്ടി തന്നെ ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ രൂപീകരിക്കുമെന്നും ബ്രിട്ടാസിനെ അതിന്റെ തലപ്പത്ത് ഇരുത്തുമെന്നും ഉള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റില്‍ നിന്ന് ശ്രീകണ്ഠന്‍ നായര്‍ ഒഴിഞ്ഞുപോയ ഒഴിവിലേക്ക് ബ്രിട്ടാസ് പോകുമെന്നാണ് ഇപ്പോഴത്തെ ഏറ്റവും ചൂടുള്ള വാര്‍ത്ത.