ആരുമറിഞ്ഞില്ല, ആരോടും പറഞ്ഞതുമില്ല. ബിഗ്സ്റ്റാര്‍ പൃഥ്വിരാജും ബി ബി സി ഡല്‍ഹി ലേഖിക സുപ്രിയാ മേനോനും തമ്മിലുള്ള പ്രണയം അങ്ങനെയുള്ളതായിരുന്നു. പ്രണയം തുടങ്ങിയപ്പൊഴേ രണ്ടു കൂട്ടരും വീട്ടുകാരെ ഇക്കാര്യം അറിയിച്ചിരുന്നു. പൃഥ്വിയുടെ കരിയര്‍ കുറച്ചുകൂടി മുന്നോട്ടുപോയതിന് ശേഷം മാത്രം കല്യാണം മതി എന്നായിരുന്നു ഇരു വീട്ടുകാരുടെയും തീരുമാനം.
ഈ നാലുവര്‍ഷങ്ങള്‍ക്കിടയില്‍ പല നായികമാരുടെ പേരുകള്‍ പൃഥ്വിയുടെ പേരിനൊപ്പം ചേര്‍ത്ത് പ്രചരിച്ചു. എന്നാല്‍ ചിരിച്ചുകൊണ്ടുതന്നെ പൃഥ്വി അതെല്ലാം നിഷേധിച്ചു. ഏകദേശം ഒരു മാസം മുമ്പാണ് ‘ബി ബി സി പെണ്‍കുട്ടി’യുടെ വിവരം മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. അക്കാര്യം ആരാഞ്ഞപ്പോഴും പൃഥ്വി ചിരിച്ചു, പിന്നെ പതിവുപോലെ നിഷേധിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയിലെ പുതിയ ഫ്ലാറ്റിലേക്ക് പൃഥ്വി താമസം മാറിയത്. കല്യാണം ഉടന്‍ ഉണ്ടാകുമെന്നതിന്‍റെ സൂചന അന്നു ലഭിച്ചു. എന്നാല്‍ അപ്പോഴും ഒന്നും തുറന്നുപറയാന്‍ പൃഥ്വി തയ്യാറായില്ല. എന്നാല്‍ പൃഥ്വിയുടെ മാതാവ് മല്ലിക സുകുമാരന് അത്രയും വലിയ സത്യം ഒളിച്ചുവയ്ക്കന്‍ കഴിഞ്ഞില്ല. ‘ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം അറിയിക്കാം’ എന്നായിരുന്നു മല്ലിക പറഞ്ഞത്.
എന്നാല്‍ രണ്ടുമൂന്നു ദിവസങ്ങളിലായി പൃഥ്വിരാജുമായി ബന്ധപ്പെട്ട് ചില നീക്കങ്ങള്‍ നടക്കുന്നതിന്‍റെ സൂചന പാലക്കാട് നിന്നും ലഭിച്ചിരുന്നു. വിവാഹം ഏതു നിമിഷവും നടന്നേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ഈസ്റ്റര്‍ ദിനത്തില്‍ ലഭിച്ചു. മാധ്യമങ്ങളെ പൂര്‍ണമായും അകറ്റി നിര്‍ത്താനായിരുന്നു പൃഥ്വിയുടെ തീരുമാനം.
തിങ്കളാഴ്ച രാവിലെ വിവാഹം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നയുടന്‍ മാധ്യമപ്രവര്‍ത്തകര്‍ പാലക്കാട് പല സെന്‍ററുകളിലായി തമ്പടിച്ചെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. പാലക്കാട്ട് തേങ്കുറിശ്ശി കണ്ടാട്ട് തറവാട്ടില്‍ വിജയകുമാര്‍ മേനോന്‍റെയും പത്‌മജയുടെയും മകള്‍ സുപ്രിയാ മേനോനാണ് വധു എന്ന് അറിഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ അങ്ങോട്ടൊഴുകി.
അമ്പത് പേര്‍ക്കാണ് വിവാഹത്തിന് ക്ഷണം ലഭിച്ചിരുന്നത്. ഈ അമ്പത് പേര്‍ക്കും പാലക്കാട് ടോപ് ഇന്‍ ടൌണ്‍ എന്ന റസ്റ്റോറന്‍റില്‍ ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. വിവാഹവിവരം പുറത്തറിയരുതെന്ന കര്‍ശന നിര്‍ദ്ദേശം ക്ഷണം ലഭിച്ച ഏവര്‍ക്കും നല്‍കിയിരുന്നു. വിവാഹം നടക്കുന്ന സ്ഥലം ഏതാണെന്ന് അറിയിക്കാതിരിക്കാനായി ചില നീക്കങ്ങളുമുണ്ടായി.
പൃഥ്വിരാജും കൂട്ടരും വിമാനമാര്‍ഗം കോയമ്പത്തൂരിലിറങ്ങുകയായിരുന്നു. അവിടെനിന്ന് റോഡുമാര്‍ഗമാണ് പൃഥ്വി പാലക്കാട്ടെത്തിയത്.