ഗ്രാന്‍റ്‌മാസ്റ്റര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
PRO
വളരെ രസകരമായ സ്ക്രിപ്റ്റിംഗാണ് ഗ്രാന്‍റ്മാസ്റ്ററിന്‍റേത്. ഉണ്ണികൃഷ്ണന്‍ ഐജി, ത്രില്ലര്‍ തുടങ്ങിയ ശരാശരിച്ചിത്രങ്ങളെടുത്തത് ഈ സിനിമയ്ക്ക് വേണ്ടിയുള്ള ഹോംവര്‍ക്ക് ആയിരുന്നു എന്ന് തോന്നും. ത്രില്ലര്‍ ജോണറില്‍ പെട്ട സിനിമകള്‍ക്ക്, മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുള്ള ഒരു കാര്യം ആഖ്യാനത്തിന്‍റെ ഗ്രിപ്പ് നഷ്ടപ്പെടുത്തുന്ന രീതിയില്‍ അനാവശ്യമായി വന്നുചേരുന്ന രംഗങ്ങളാണ്. ഗ്രാന്‍റ്‌മാസ്റ്ററില്‍ അത്തരമൊരു പ്രശ്നമേയില്ല. അനാവശ്യമായ ഒരു സീനോ ഡയലോഗോ പോലും ഈ സിനിമയിലില്ല. ഒരു ഗാനരംഗം ചേര്‍ത്തിട്ടുണ്ട് - ‘അകലെയോ’ എന്നാരംഭിക്കുന്ന ആ ഗാനരംഗം പോലും സിനിമയില്‍ ചന്ദ്രശേഖരന്‍റെ കുടുംബജീവിതത്തിന്‍റെ ഏറ്റവും അത്യാവശ്യമായ മുഹൂര്‍ത്തങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ചേര്‍ത്തിരിക്കുന്നത്. ഇനിയൊരു ഗാനരംഗം റോമ തിമര്‍ത്താടുന്ന ‘ആരാണ് നീ..’ എന്ന ഹോട്ട് സോംഗാണ്.
വളരെ മികച്ച ക്യാമറാ വര്‍ക്ക്(വിനോദ് ഇല്ലംപള്ളി), കിറുകൃത്യമായ എഡിറ്റിംഗ്, ചടുലമായ പശ്ചാത്തല സംഗീതം തുടങ്ങി എല്ലാം തികഞ്ഞ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ഗ്രാന്‍റ്‌മാസ്റ്റര്‍. അഭിനേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്ന കാര്യത്തിലും സൂക്ഷ്മത പുലര്‍ത്തി സംവിധായകന്‍. ഓരോ അഭിനേതാവും കഥാപാത്രമായി മാറുന്നു. ചെറിയ വേഷങ്ങളിലെത്തുന്ന റോമയും റിയാസ് ഖാനും മണിക്കുട്ടനും വരെ.
പ്രിയാമണി കൈയടക്കമുള്ള പ്രകടനമാണ് നടത്തിയത്. മുന്‍ഭര്‍ത്താവിനോടുള്ള സ്നേഹം ഉള്ളിന്‍റെയുള്ളില്‍ ഇപ്പോഴും സൂക്ഷിച്ച്, പുതിയ കൂട്ടുകാരനായ ഡോക്ടറുടെ(അനൂപ് മേനോന്‍) വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന ദീപ്തിയായി പ്രിയാമണി തിളങ്ങുന്നു. അവസാന ഇര താനാണെന്ന് തിരിച്ചറിയുന്ന സമയം പ്രിയാമണിയുടെ മുഖത്ത് തെളിയുന്ന നിസംഗത ഈ സിനിമയിലെ ഉജ്ജ്വല നിമിഷങ്ങളിലൊന്നാണ്.
ബാബു ആന്‍റണി എന്ന നടന്‍റെ ഏറ്റവും മികച്ച ഭാവപ്പകര്‍ച്ചയാണ് ഈ സിനിമയിലുള്ളത്. വിക്ടര്‍ എന്ന മനോരോഗിയായി തകര്‍പ്പന്‍ പ്രകടനമാണ് ബാബു നടത്തുന്നത്. സിനിമയുടെ അവസാന രംഗം വരെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന പെര്‍ഫോമന്‍സ്. മലയാള സിനിമ അധികമൊന്നും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഈ നടനെ ഇനിയെങ്കിലും മറ്റ് സംവിധായകരും ശ്രദ്ധിക്കുമെന്ന് കരുതട്ടെ. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഗ്രാന്‍റ്‌മാസ്റ്ററില്‍ ഏറ്റവും തിളങ്ങിയത് ബാബു ആന്‍റണി തന്നെ.
ചെറുതെങ്കിലും വളരെ ശക്തമായ കഥാപാത്രങ്ങളെയാണ് അനൂപ് മേനോനും സിദ്ദിക്കും അവതരിപ്പിച്ചത്. സിദ്ദിക്ക് അവതരിപ്പിച്ച പോള്‍ മാത്യു എന്ന ബിസിനസുകാരന്‍ കഥാപാത്രമാണ് ഗ്രാന്‍റ്‌മാസ്റ്ററിന്‍റെ ടേണിംഗ് പോയിന്‍റ്. അതുപോലെ, വളരെ പാവത്താനെന്ന് തോന്നുമെങ്കിലും ഏറ്റവും ഒടുവില്‍ വില്ലനായി മാറുമോ എന്ന് സംശയിക്കപ്പെടുന്ന കഥാപാത്രത്തയാണ് അനൂപ് ചെയ്തത്.
ജഗതിയും നരേനും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ജഗതിയുടെ ഹ്യൂമര്‍ ടച്ചുള്ള സംഭാഷണങ്ങള്‍, അത് മോഹന്‍ലാലിന്‍റെ സംഭാഷണങ്ങളോട് ഇണങ്ങി മുന്നോട്ടുപോയി. നരേനും നന്നായി. എന്നാല്‍ നരേന് വെടികൊള്ളുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. അതിന് ശേഷം, യാതൊരു കുഴപ്പവുമില്ലാതെ നരേനെ കാണാന്‍ പറ്റി. നരേന്‍റെ കൈയില്‍ ഒരു ബാന്‍ഡേജെങ്കിലും ഇട്ടുകൊടുക്കാന്‍ സംവിധായകന് തോന്നാഞ്ഞതെന്ത്? അതുമാത്രമേ ഒരു കല്ലുകടിയായി എനിക്ക് തോന്നിയുള്ളൂ.
WEBDUNIA|
അടുത്ത പേജില്‍ - മോഹന്‍ലാലിന് മാത്രം കഴിയുന്ന കാര്യം!