ഗ്രാന്‍റ്‌മാസ്റ്റര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
PRO
2003ല്‍ ഇറങ്ങിയ ‘സമയ്: ദി ടൈം സ്ട്രൈക്സ്’ എന്ന ഹിന്ദിച്ചിത്രമാണോ? അതോ, ‘ടേക്കണ്‍’ ആണോ? ഇങ്ങനെയൊക്കെയാണ് ഗ്രാന്‍റ്‌മാസ്റ്റര്‍ എന്ന സിനിമയുടെ ഒറിജിനലിനെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന അന്വേഷണം. തെളിച്ചു പറയാം, ഗ്രാന്‍റ്‌മാസ്റ്റര്‍ ഇതൊന്നുമല്ല. ഇത് പുതിയൊരു സിനിമയാണ്. മെട്രോ ക്രൈം സ്‌റ്റോപ്പര്‍ സെല്‍ തലവനായ ഐ ജി ചന്ദ്രശേഖരന്‍(മോഹന്‍ലാല്‍) എന്ന വെരി ഇന്‍റലിജന്‍റ് ആയ പൊലീസ് ഓഫീസറുടെ വേറിട്ട അന്വേഷണങ്ങളുടെ കഥ.
മെട്രോ ക്രൈം സ്‌റ്റോപ്പര്‍ സെല്‍ രൂപീകരിച്ചത് നഗരത്തിലെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാനാണ്. അക്കാര്യത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടോ എന്നന്വേഷിച്ച് മണിക്കുട്ടന്‍ അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ചന്ദ്രശേഖരന്‍റെ ഓഫീസില്‍ ക്യാമറാ ടീമുമായി എത്തുമ്പോഴാണ് ‘ഗ്രാന്‍റ്‌മാസ്റ്റര്‍’ ആരംഭിക്കുന്നത്. ചന്ദ്രശേഖരന്‍റെ സഹായികളായ കിഷോര്‍(നരേന്‍), റഷീദ്(ജഗതി) എന്നിവരെ ചാനല്‍ സംഘം സമീപിക്കുന്നു. പക്ഷേ ഔദ്യോഗികമായി അവരോട് പ്രതികരിക്കുന്നത് ചന്ദ്രശേഖരനാണ് - ക്രൈം റേറ്റ് പെര്‍സന്‍റേജില്‍ എന്തുകാര്യം? എന്ന ചോദ്യവുമായി ചന്ദ്രശേഖരന്‍ ചാനല്‍ സംഘത്തെ വിരട്ടുന്നു.
പത്തുവര്‍ഷമായി ഔദ്യോഗിക ജീവിതത്തില്‍ അലസനായ, ഒറ്റയ്ക്കിരുന്ന് ചെസ് കളിക്കുന്ന ചന്ദ്രശേഖരന്‍ സ്വയം പരിചയപ്പെടുത്തുന്നതുപോലെ മണിക്കുട്ടനോട് പറയുന്നു - ഗ്രാന്‍റ്‌മാസ്റ്റര്‍! എതിരാളിയുടെ 64 നീക്കങ്ങള്‍ വരെ മുന്‍കൂട്ടിക്കണ്ട് കരുക്കള്‍ നീക്കുന്നവന്‍. ഈ കഥാപാത്രത്തിന്‍റെ ഉള്‍ക്കരുത്ത് ആദ്യ സീനില്‍ തന്നെ കാണിച്ചുതരുന്നുണ്ട് ഉണ്ണികൃഷ്ണന്‍. ജെറോം(റിയാസ് ഖാന്‍) എന്ന മാനസിക രോഗി മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയപ്പോള്‍ ഒറ്റയ്ക്ക് ഒരു കമാന്‍ഡോ മൂവ് നടത്തി രക്ഷപ്പെടുത്തി ചന്ദ്രശേഖരന്‍. അപ്പോള്‍, സഹായിയായ റഷീദ് പറയുന്നു - പത്തുവര്‍ഷം മുമ്പുള്ള ചന്ദ്രശേഖരന്‍ എന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ വീണ്ടും കാണാനായത്!
വിവാഹമോചിതനാണ് ചന്ദ്രശേഖരന്‍. നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിമിനല്‍ ലോയര്‍ ദീപ്തി(പ്രിയാമണി)യായിരുന്നു ചന്ദ്രശേഖരന്‍റെ ഭാര്യ. പത്തുവര്‍ഷം മുമ്പ് അവര്‍ പിരിഞ്ഞു. ഒരു മകളുണ്ട് - ദാക്ഷായണി. ഇയാളുടെ ജീവിതത്തിലേക്ക് ഒരു കൊലയാളി കടന്നുവരുന്നു. അയാള്‍ ഒരു സന്ദേശം ചന്ദ്രശേഖരന്‍റെ ഓഫീസില്‍ എത്തിക്കുന്നു. താന്‍ നടത്താന്‍ പോകുന്ന ക്രൈമിന്‍റെ സമയവും സ്ഥലവും ഈ കത്തില്‍ അയാള്‍ എഴുതിയിട്ടുണ്ട്. ഒടുവില്‍ സൈന്‍ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് - സ്നേഹാദരങ്ങളോടെ Z !