കോബ്രയില്‍ മമ്മൂട്ടി പുതുമയൊന്നും സമ്മാനിക്കുന്നില്ല. രാജമാണിക്യത്തില്‍, തുറുപ്പുഗുലാനില്‍, മായാവിയില്‍ ഒക്കെ കണ്ട അതേ കഥാപാത്രം തന്നെ. വിദ്യാഭ്യാസമില്ല. വിവരക്കേട് ആവശ്യത്തിലധികം. തല്ല് പ്രധാന തൊഴിലാക്കിയവന്‍. എന്നാല്‍ അനുകമ്പയും കരുണയും ത്യാഗവും ആവശ്യത്തിലേറെയുള്ളവന്‍.
ഇത്തരം കഥാപാത്രങ്ങളെ എത്ര അവതരിപ്പിച്ചു കഴിഞ്ഞു മലയാളത്തിന്‍റെ മഹാനടന്‍. കടുത്ത മമ്മൂട്ടി ആരാധകര്‍ക്കുപോലും ഈ ശൈലി ബോറടിച്ചുതുടങ്ങിയിട്ടും ഇവിടെയും മാറ്റമില്ലാതെ അത് ആവര്‍ത്തിക്കുകയാണ്. എന്തായാലും തുറുപ്പുഗുലാനിലും പട്ടണത്തില്‍ ഭൂതത്തിലും കാഴ്ചവച്ച ശബ്ദവ്യതിയാനം എന്ന കോപ്രായം ഈ സിനിമയില്‍ ഉണ്ടായില്ല. അത്രയും ആശ്വാസം.
ഈ സിനിമ വിജയിച്ചില്ലെങ്കില്‍ അത് ഏറ്റവും ക്ഷീണമുണ്ടാക്കുന്നത് മമ്മൂട്ടിക്ക് തന്നെയാണ്. ഏഴ് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് നില്‍ക്കുകയാണ് മെഗാസ്റ്റാര്‍. ഇതൊരു കച്ചിത്തുരുമ്പായിരുന്നു. പ്രേക്ഷകര്‍ കോബ്ര എങ്ങനെ സ്വീകരിക്കുമെന്നറിയാന്‍ ഒരാഴ്ച കാത്തിരിക്കണം.