ദുല്‍ക്കര്‍ സല്‍മാന്‍ - വിദേശത്തുനിന്ന് പഠിപ്പ് കഴിഞ്ഞെത്തുന്ന, ജീവിതത്തിന്‍റെ പരുക്കന്‍ ഭാവങ്ങള്‍ പരിചയമില്ലാത്ത ഇക്കാലത്തെ ഒരു യുവാവിന്‍റെ ശരീരഭാഷ നല്‍കി ഫൈസി എന്ന നായക കഥാപാത്രത്തെ ദുല്‍ക്കര്‍ സല്‍മാന്‍ ഉജ്ജ്വലമാക്കി. പുറംലോകവുമായുള്ള ബന്ധത്തിന് ആകെയുള്ള ഫോണ്‍ പൊട്ടിപ്പോകുമ്പോള്‍, തന്നെ ഇംഗ്ലീഷുകാരി ഗേള്‍ഫ്രണ്ട് വഞ്ചിച്ചു എന്ന് മനസിലാക്കുമ്പോള്‍, ഷാഹിനയുടെ വിവാഹം നിശ്ചയിച്ചു എന്നറിയുമ്പോള്‍, ഭക്ഷണം മോശമായതിന്‍റെ പേരില്‍ കസ്റ്റമര്‍(ജിഷ്ണു) അവഹേളിക്കുമ്പോള്‍, പാരീസില്‍ തനിക്ക് പുതിയൊരു ജോലി ശരിയായെന്ന് ഉപ്പൂപ്പയോട് സന്തോഷത്തോടെ പറയുമ്പോള്‍ ഒക്കെ ഫൈസിയുടെ ഗെസ്റ്റേഴ്സ് അതിലും മനോഹരമായി മറ്റൊരു അഭിനേതാവിന് അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. തന്‍റെ രണ്ടാം ചിത്രത്തില്‍ തന്നെ വളരെയേറെ മുന്നേറിയിരിക്കുന്നു ദുല്‍ക്കര്‍.
തിലകന്‍ - അസാധാരണമായ പ്രകടനം. തന്‍റെ എല്ലാ ശാരീരിക വിഷമതകളും ഉള്‍ക്കൊണ്ട് കരീംക്ക എന്ന കഥാപാത്രത്തെ കരുത്തുറ്റതാക്കി തിലകന്‍. കൊച്ചുമകനോടുള്ള തന്‍റെ സ്നേഹവും ‘ഉസ്താദ് ഹോട്ടലി’ന് അവന്‍ തുണയാകുമെന്ന പ്രതീക്ഷയുമെല്ലാം വച്ചുപുലര്‍ത്തുന്ന കോഴിക്കോട്ടെ പച്ചമനുഷ്യനായി തിലകന്‍ ജീവിക്കുകയായിരുന്നു. അയാള്‍ക്ക് നാളേക്ക് സൂക്ഷിച്ചുവയ്ക്കാന്‍ ഒന്നുമില്ല. ഹോട്ടലിലെ തന്‍റെ ജോലിക്കാരുടെ വിഷമതകള്‍ അയാളുടേതുമാണ്. ജീവിതത്തിന് ഒരു മൂല്യമുണ്ടെന്ന് വിശ്വസിക്കുന്ന കരീംക്ക തിലകന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ ഒരു കഥാപാത്രമാണ്. ശുചിത്വമില്ലായ്മ ആരോപിച്ച് അധികൃതര്‍ ഉസ്താദ് ഹോട്ടല്‍ പൂട്ടിച്ചപ്പോള്‍ എല്ലാം തകര്‍ന്നവനെപ്പോലെ കരീംക്ക ഒരിരിപ്പ് ഇരിക്കുന്നുണ്ട്. ഇങ്ങനെയൊരു അവസ്ഥയെ ഇത്രയും ഭാവോജ്ജ്വലമായി അവതരിപ്പിക്കാന്‍ തിലകനല്ലാതെ മറ്റാരുണ്ട്?
നിത്യാ മേനോന്‍ - ഷാഹിന എന്ന കഥാപാത്രത്തിന് ഒരു ആഴമുണ്ട്. അവള്‍ തീര്‍ത്തും പ്രാക്ടിക്കലാണ്. തന്നെ പെണ്ണുകാണാന്‍ വന്ന ചെക്കന്‍ ഷെഫാണെന്ന് മനസിലാക്കിയപ്പോള്‍ ആ വിവാഹം വേണ്ടെന്നുവച്ചവളാണ് ഷാഹിന. എന്നാല്‍ തന്‍റെ തീരുമാനം തെറ്റായിരുന്നു എന്ന് അവള്‍ തന്നെ പിന്നീട് തിരിച്ചറിയുന്നു. ഇന്‍റര്‍വെലിന് തൊട്ടുമുമ്പ് ദുല്‍ക്കറിനൊപ്പം ഒരു മിനിലോറിയില്‍ അവള്‍ യാത്ര ചെയ്യുന്ന സീനുണ്ട്. അതിന് ശേഷം ലോറിയില്‍ നിന്ന് അവര്‍ ഇറങ്ങി ഓടുന്ന രംഗവും. ഈ സീക്വന്‍സാണ് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ നിത്യാ മേനോന്‍റെ ഏറ്റവും മികച്ച അഭിനയപ്രകടനം സാധ്യമായ മുഹൂര്‍ത്തം. ‘കെട്ടാന്‍ പോകുന്നവന്‍റെ വീട്ടുകാര്‍ ഇട്ട സ്വര്‍ണം’ ഉസ്താദ് ഹോട്ടല്‍ തുറക്കാന്‍ വേണ്ടി ഊരിനല്‍കുമ്പോഴും ഒടുവില്‍ ഫൈസിയുടെ ഭാര്യയായി ഒരു സുലൈമാനിമധുരമുള്ള പ്രണയത്തിന് സാക്ഷാത്കാരം നല്‍കുമ്പോഴും മനോഹരമായ അഭിനയവൈഭവത്തിലൂടെ നിത്യാ മേനോന്‍ ഉസ്താദ് ഹോട്ടലിന്‍റെ ഏറ്റവും സുന്ദരമായ കാഴ്ചയാകുന്നു.
സിദ്ദിക്ക്, മാമുക്കോയ, പ്രേംപ്രകാശ്, കുഞ്ചന്‍, ലെന, തമിഴ്നടന്‍ ജെപി തുടങ്ങിയവരും നന്നായി. അതിഥി വേഷത്തിലെത്തിയ ആസിഫ് അലിയും രണ്ടുമിനിറ്റ് നേരം മിന്നി. ആസിഫിനെ ചുറ്റിപ്പറ്റി നിന്ന മാമുക്കോയ ഒടുവില്‍ ചോദിക്കുന്നു - ‘എനിക്കറിയാം, കുഞ്ചാക്കോ ബോബനല്ലേ?” !
WEBDUNIA|
അടുത്ത പേജില്‍ - അഞ്ജലിയുടെ സിനിമ, അന്‍വറിന്‍റെ സിനിമ