ഉസ്താദ് ഹോട്ടല്‍ ഫൈസി(ദുല്‍ക്കര്‍ സല്‍മാന്‍) എന്ന ചെറുപ്പക്കാരന്‍റെ കഥയാണ്. അവന്‍റെ മാത്രം കഥയാണ്. അവനേക്കുറിച്ച് മാത്രം പറയാനാണ് അഞ്ജലി മേനോന്‍ എന്ന തിരക്കഥാകൃത്ത് ശ്രമിച്ചത്. അവനിലൂടെ അവന്‍ ജീവിക്കുന്ന ലോകം കാണിച്ചുതരുന്നു. അവന്‍റെ ജീവിതം പോകുന്ന വഴികളിലൂടെ, ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് കാട്ടിത്തരുന്നു.
ക്വട്ടേഷന്‍ സംഘങ്ങളോടൊപ്പം ചേര്‍ന്ന് മനുഷ്യസഹോദരങ്ങളുടെ ജീവനെടുക്കുന്നതല്ല ജീവിതം എന്ന് ചെറുപ്പക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ് ഉസ്താദ് ഹോട്ടല്‍. ജീവിതം ചുറ്റുമുള്ള ജീവിതങ്ങള്‍ കാണാന്‍ വേണ്ടി ഉപയോഗിക്കണം. ‘ഹ്യൂമന്‍ വേസ്റ്റ്’ ഭക്ഷണമായി ഉപയോഗിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട് എന്ന തിരിച്ചറിവോടെ ജീവിക്കണം. പണത്തിനും അധികാരത്തിനും വേണ്ടി വടംവലി നടത്തുന്നതിനിടയില്‍ സമൂഹത്തിന്‍റെ കണ്ണീര്‍ കാണാനുള്ള കണ്ണുകളുണ്ടാകണം. ഇതൊക്കെയാണ് ഉസ്താദ് ഹോട്ടല്‍ പറഞ്ഞുതരുന്നത്. അതുകൊണ്ടുതന്നെ യുവജനങ്ങള്‍ക്കുള്ള ഏറ്റവും നല്ല സന്ദേശമായി മാറുകയാണ് ഉസ്താദ് ഹോട്ടല്‍.
മദ്യപിച്ചുകൊണ്ട് മദ്യത്തിനെതിരെ പ്രസംഗിക്കുന്നതുപോലെ അപഹാസ്യമായല്ല ഉസ്താദ് ഹോട്ടലിന്‍റെ സന്ദേശം പടരുന്നത്. അത് നല്ല ബിരിയാണിയുടെയും കല്ലുമ്മക്കായയുടെയും രുചിയറിയിച്ച് പ്രേക്ഷകരെ വശീകരിക്കുകയാണ്. ജീവിതത്തിന്‍റെ അര്‍ത്ഥം പകര്‍ന്നുകൊടുക്കുകയാണ്.
ഭക്ഷണം എങ്ങനെ ഉണ്ടാക്കണം എന്ന് മാത്രമല്ല, എന്തിന് ഉണ്ടാക്കണം എന്നുകൂടി പറഞ്ഞുതരുന്ന സിനിമ. കണ്ണീര്‍ പോലെ ശുദ്ധമായ കഥ. പറഞ്ഞാലും പറഞ്ഞാലും ഉസ്താദ് ഹോട്ടലിന്‍റെ നന്‍മ തീരുന്നില്ല. അതുകൊണ്ടാണ് അന്‍വറിന്‍റെ കൈത്തണ്ടയില്‍ മനസിന്‍റെ നന്ദി കുറിച്ചിടുന്നത്.