22 ഫീമെയില്‍ കോട്ടയം, അവള്‍ ഞെട്ടിക്കുന്നു!

ഷോണ അയ്യര്‍

WEBDUNIA|
PRO
‘22 ഫീമെയില്‍ കോട്ടയം’ റിലീസായി. ‘ഷോക്കിംഗ് ഫിലിം’ എന്ന് പൊതുവെയുള്ള പ്രതികരണം. സോള്‍ട്ട് ആന്‍റ് പെപ്പറിന് ശേഷം വേറൊരു ജോണറിലുള്ള സിനിമയാണ് ആഷിക് അബു സമ്മാനിച്ചിരിക്കുന്നത്. ഇതില്‍ ചിരിയില്ല. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഒരു നോട്ടമാണിത്. റിയാലിറ്റി എത്ര ഭീകരമാണെന്ന് തെളിയിക്കുന്ന സിനിമ.

ടെസ കെ ഏബ്രഹാം(റിമ കല്ലിങ്കല്‍) എന്ന കോട്ടയം സ്വദേശിനിയായ നഴ്സാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രം. ബാംഗ്ലൂരിലെ സി എം എസ് ആശുപത്രിയില്‍ നഴ്സായ അവള്‍ക്ക് കാനഡയില്‍ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. അതിനായാണ് അവള്‍ ഒരു വിസ ഏജന്‍സിയെ സമീപിക്കുന്നത്. അവിടെ വച്ച് ടെസ സിറിള്‍(ഫഹദ് ഫാസില്‍) എന്ന യുവാവിനെ പരിചയപ്പെടുന്നു.

ടെസയും സിറിളും പ്രണയബദ്ധരാകുന്നു. അവരുടെ പ്രണയം ചില നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു. ഈ സമൂഹത്തിന്‍റെ ക്രൂരവും ഇരുണ്ടതുമായ വിധിക്ക് അവള്‍ വിധേയയാകുന്നു.

ഏതൊരു പെണ്‍കുട്ടിയും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുപോകുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായി ചിന്തിക്കുകയാണ് ടെസ. എല്ലാം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്നിടത്ത് കഥ മാറുന്നു.

ടെസ എങ്ങനെ പ്രതികാരം ചെയ്യുന്നു എന്നതാണ് ഈ സിനിമയെ ഒരു ത്രില്ലറാക്കി മാറ്റുന്നത്. കില്‍ ബില്‍, ഏക് ഹസിനാ ഥി പോലെയുള്ള ചില സിനിമകള്‍ ഈ ചിത്രത്തിന് പ്രചോദനമായിട്ടുണ്ടാകാം. എന്തായാലും വളരെ ശക്തമായ ഒരു പ്രമേയത്തെ യാതൊരു വിധ ഗിമ്മിക്സുമില്ലാതെ അവതരിപ്പിച്ചിരിക്കുകയാണ് ആഷിക് അബു. ടെസയായി ഗംഭീര പ്രകടനമാണ് റിമ നടത്തുന്നത്. റിമയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം. ഈ സിനിമ റിമയ്ക്ക് അംഗീകാരങ്ങള്‍ നേടിക്കൊടുക്കുമെന്നതില്‍ സംശയമില്ല.

ഷൈജു ഖാലിദിന്‍റെ ക്യാമറ, വിവേക് ഹര്‍ഷന്‍റെ എഡിറ്റിംഗ് എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. ശ്യാം പുഷ്കരനും അഭിലാഷും ചേര്‍ന്നെഴുതിയ സംഭാഷണങ്ങളും മികച്ചതാണ്.

റിയാലിറ്റി അവതരിപ്പിക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന സ്വാഭാവികമായ ലാഗിംഗ് മാത്രമാണ് 22 ഫീമെയില്‍ കോട്ടയത്തേക്കുറിച്ച് വേണമെങ്കില്‍ പറയാവുന്ന ഒരു നെഗറ്റീവ് ഫാക്ടര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :