സേതുരാമയ്യരെ വെല്ലും ഫാദര്‍ ബെനഡിക്‍ട്, ‘ദി പ്രീസ്‌റ്റ്’ ഗംഭീര സിനിമ - Review

ജോണ്‍സി ഫെലിക്‍സ്| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (17:16 IST)
മമ്മൂട്ടി കുറ്റാന്വേഷകനാകുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്. അത് പൊലീസ് വേഷത്തിലായാലും സി ബി ഐ ആയാലും അഭിഭാഷകനായാലും പത്രപ്രവര്‍ത്തകനായാലും. ഇപ്പോഴിതാ, വൈദികനായും മമ്മൂട്ടിയിലെ കുറ്റാന്വേഷകന്‍ അമ്പരപ്പിക്കുകയാണ്.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‌ത ‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ഹൊറര്‍ ത്രില്ലറാണ്. നായകനായ മമ്മൂട്ടിയുടെ കഥാപാത്രം ഫാദര്‍ കാര്‍മെന്‍ ബെനഡിക്‍ട്. നിഗൂഢമായ പല രഹസ്യങ്ങളുടെയും കുരുക്കഴിക്കുക എന്നത് ദൈവനിയോഗമായി കരുതുന്നയാള്‍. അദ്ദേഹത്തിന്‍റെ സഞ്ചാരവഴിയില്‍ എത്തിപ്പെടുന്ന ഒരു കേസ് ആണ് ഈ സിനിമ വിഷയമാക്കുന്നത്.

ആലാട്ട് കുടുംബത്തില്‍ നടക്കുന്ന ആത്‌മഹത്യാ പരമ്പരയുടെ പിന്നിലെ സത്യം പുറത്തുകൊണ്ടുവരികയാണ് ഫാദര്‍ ബെനഡിക്‍ട് ഏറ്റെടുത്തിരിക്കുന്ന ദൌത്യം. ആ അന്വേഷണത്തിനിടെ മുമ്പെങ്ങും കടന്നുപോയിട്ടില്ലാത്ത ചില അനുഭവങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. അമേയ ഗബ്രിയേല്‍ എന്ന പതിനൊന്നുകാരിയാണ് ബെനഡിക്‍ടിനെ കുഴപ്പിക്കുന്നതും കാഴ്‌ചക്കാരുടെയുള്ളില്‍ ഭീതിയുടെ ജനാലകള്‍ തുറന്നിടുന്നതും.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഫാദര്‍ ബെനഡിക്‍ട് എന്ന കാര്യത്തില്‍ സംശയമില്ല. രൂപം കൊണ്ടും ഭാവം കൊണ്ടും വളരെ കൃത്യമായി തന്‍റെ കഥാപാത്രത്തെ ആവാഹിക്കാന്‍ മഹാനടന് കഴിഞ്ഞിട്ടുണ്ട്. കഥപറച്ചില്‍ പലപ്പോഴും പതിഞ്ഞ താളത്തിലേക്ക് മാറുന്നുണ്ടെങ്കിലും സിനിമയുടെ ട്രീറ്റുമെന്‍റിന്‍റെ അനിവാര്യത എന്നേ അതിനെ കരുതേണ്ടതുള്ളൂ.

മമ്മൂട്ടിയും മഞ്‌ജു വാര്യരും ഒരുമിച്ചെത്തുന്ന രംഗമാണ് സിനിമയുടെ ഹൈലൈറ്റ്. ആ കാഴ്‌ച തിയേറ്ററില്‍ നിന്നുതന്നെ അറിയണം. അതുപോലെ സിനിമയുടെ ഇന്‍റര്‍‌വെല്‍ പഞ്ചും ക്ലൈമാക്‍സും. അസാധാരണമായ തിയേറ്റര്‍ അനുഭവം തന്നെയാണ് അവ.

അഖില്‍ ജോര്‍ജ്ജിന്‍റെ ഛായാഗ്രഹണവും രാഹുല്‍ രാജിന്‍റെ പശ്ചാത്തല സംഗീതവും ഈ ത്രില്ലര്‍കാഴ്‌ചയുടെ മാറ്റ് പതിന്‍‌മടങ്ങാക്കുന്നു. വ്യത്യസ്‌തമായ ഒരു കഥയെ നവാഗതന്‍റെ ഇടര്‍ച്ചകളില്ലാതെ മനോഹരമാക്കിയ ജോഫിന്‍ ടി ചാക്കോ മലയാള സിനിമയുടെ പുതുപ്രതീക്ഷയാണെന്നതില്‍ തര്‍ക്കമില്ല.

റേറ്റിംഗ്: 4/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :