ദ ട്രെയിന്‍ - യഥേഷ്ടം ബോറടിക്കാം!

നീരജ് നമ്പ്യാര്‍

WEBDUNIA|
PRO
മമ്മൂട്ടിയല്ലേ, ജയരാജല്ലേ, പണ്ട് നിരവധി മികച്ച സിനിമ ചെയ്തവരല്ലേ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ദ ട്രെയിന്‍ കണ്ടിറങ്ങിയപ്പോള്‍ ബോധ്യമായി. പഠിച്ചുപഠിച്ച് ഒന്നുമില്ലാതായി എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങള്‍. പക്ഷേ, ഇവരുടെ ഈ പുതിയ ചിത്രം കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഒരു മൊബൈലുണ്ടായാല്‍ ഒരു സിനിമയെടുക്കാമെന്ന്!

സിനിമ തുടങ്ങിയിട്ട് ഏകദേശം പത്ത് മിനുട്ട് കഴിഞ്ഞുകാണും ആദ്യത്തെ ഫോണ്‍ വിളി സംഭവിച്ചു. ആരാണ് ആദ്യം മൊബൈലില്‍ സംസാരിക്കുന്നതെന്നൊന്നും ചോദിക്കരുത്. സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങളും, കൊച്ചുകുട്ടിയടക്കം അഭിനയം ഫോണിലൂടെയല്ലേ നടത്തുന്നത്. അതുകൊണ്ട് ഒന്നും ഓര്‍മ്മയില്ല. പക്ഷേ സിനിമ അവസാനിക്കുന്നതിന് ഒരു അഞ്ചു മിനുട്ട് മുമ്പ് വരെ ഈ ഫോണ്‍ വിളി തുടരുന്നുണ്ടെന്ന് എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. ഈ ഖണ്ഡികയില്‍ ഞാന്‍ ഫോണ്‍ എന്ന വാക്ക് എത്ര തവണ ഉപയോഗിച്ചോ അതിന്റെ പത്തിരട്ടി കോള്‍ എങ്കിലും ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ചെയ്യുന്നുണ്ട്.

ദ ട്രെയിനില്‍ നാലു കഥയാണുള്ളത്. പക്ഷേ ഒന്നിനും ഒരു കഥയുമില്ല എന്ന് മാത്രം. യഥാര്‍ഥ സംഭവത്തിന്റെ ചിത്രീകരണം എന്നാണ് പരസ്യവാചകം. സിനിമ തുടങ്ങുന്നത് മുംബൈയിലെ വ്യത്യസ്ത റെയില്‍‌വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടക്കുന്ന സ്ഫോടനപരമ്പരകളോടെയാണ്. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സെല്‍ ഉദ്യോഗസ്ഥന്‍ കേദാര്‍നാഥ്(മമ്മൂട്ടി) പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രെയിനിലും സ്റ്റേഷനിലുമായി നാല് കഥാപാത്രങ്ങളെയും ക്യാമറ എടുത്തുകാട്ടുന്നു. സ്ഫോടനം ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് ആയി കാണിക്കുന്നു. പിന്നീട് നാം കാണുക എല്ലാവരും പിന്നോട്ട് നടക്കുന്നതാണ്. ട്രെയിനും ബസും പിന്നോട്ട് ഓടുന്നു. ക്ലോക്ക് ആന്റിവൈസ് ഡയറക്ഷനില്‍ കറങ്ങുന്നു. അതേ, നിങ്ങള്‍ ഉദ്ദേശിച്ചത് തന്നെ - ഫ്ലാഷ് ബാക്ക്!

അടുത്ത പേജില്‍ - കഥകള്‍ കുത്തിനിറച്ച സിനിമ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :