ക്ലൈമാക്സ് ആണ് ‘മുംബൈ പൊലീസ്’ എന്ന സിനിമയിലെ താരം. മലയാളത്തില്‍ ഇതിന് മുമ്പ് ഇങ്ങനെ ഒരു ക്ലൈമാക്സ് പരീക്ഷിക്കപ്പെട്ടിട്ടില്ല. ഞാന്‍ പടം കണ്ട തിയേറ്ററില്‍ ഒരേസമയം കൈയടിയും കൂവലും ഉയര്‍ന്നു. കൂവിയത് പൃഥ്വിരാജിന്‍റെ കടുത്ത ആരാധകരാണെന്ന് വ്യക്തം. താരസ്നേഹികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒരു കഥാപാത്രമല്ല ഈ ചിത്രത്തില്‍ പൃഥ്വിരാജിന്‍റേത്.
ഇത് ന്യൂജനറേഷന്‍ സിനിമയുടെ കാലമാണ്. അപ്പോള്‍ എന്ത് അശ്ലീലവും കൈയടിച്ച് പ്രോത്സാഹിപ്പിക്കുക എന്നത് ഇന്ന് മലയാള സിനിമാപ്രേക്ഷകരുടെ വിധിയാണ്. അടുത്തിടെ വന്ന ചില ചിത്രങ്ങളില്‍ പച്ചത്തെറി വിളിച്ചുപറഞ്ഞതുപോലും അംഗീകരിക്കപ്പെട്ടു. എന്നാല്‍ തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ത്ഥ്യത്തെ ചങ്കൂറ്റത്തോടെ അതിമനോഹരമായി കാഴ്ചക്കാരുടെ മുമ്പിലേക്കിട്ടുതരികയാണ് സംവിധായകന്‍.
ആര്യന്‍ ജോണ്‍ ജേക്കബ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ എന്തിന് കൊന്നു എന്ന കണ്ടെത്തല്‍ മലയാള സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കും. ഇങ്ങനെയൊരു ഷോക്കിംഗ് ക്ലൈമാക്സ് ആരും പ്രതീക്ഷിക്കില്ല. അതുകൊണ്ടുതന്നെ ഇത് എങ്ങനെ സ്വീകരിക്കപ്പെടും എന്ന് പ്രവചിക്കുകയും അസാധ്യം. എന്നാല്‍ എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇത് ധൈര്യപൂര്‍വമായ ഒരു പരീക്ഷണമാണ്. തീര്‍ത്തും വ്യത്യസ്തമായ ഒരു പര്യവസാനം.
(ഷെഫ്രീന്‍ ഈ ക്ലൈമാക്സില്‍ അസ്വസ്ഥയാണ്. അവള്‍ പടം കഴിഞ്ഞിറങ്ങിയപ്പോള്‍ മുതല്‍ മുഖം ചുളിച്ചിരിപ്പാണ്. പൃഥ്വിരാജിനെ അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും അവള്‍ക്ക് കഴിയുന്നില്ല)