കമ്മത്ത് ആന്‍റ് കമ്മത്ത് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
WEBDUNIA|
PRO
ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണശേഷം മനസ് ആകെ മരവിച്ചിരുന്നു. കുറച്ചുനാള്‍ ആരോടും മിണ്ടാതിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആരോ ഇല്ലാതായതുപോലെ ഒരു നീറ്റല്‍ ഉള്ളില്‍ നിറഞ്ഞുനിന്നു. ഇടയ്ക്ക് ജോസഫ് വിളിച്ചപ്പോള്‍ സുഖമില്ലെന്ന് പറഞ്ഞു. അദ്ദേഹം വിവരം തിരക്കാനെത്തിയപ്പോള്‍ അമ്മു കാര്യം പറഞ്ഞു.
“നിനക്ക് ഭ്രാന്താണോ?” - എന്നാണ് ജോസഫ് ആദ്യം ചോദിച്ചത്. “അതെ” - എന്ന് ഞാന്‍ മറുപടിയും കൊടുത്തു. കൂടുതലൊന്നും പറയാന്‍ പോയില്ല. എന്‍റെ മാനസികാവസ്ഥ മനസ്സിലാകാത്തിടത്ത് അധികം വിശദീകരിച്ചിട്ട് എന്തുഫലം? സുഖമില്ലെന്നറിഞ്ഞപ്പോള്‍ പഴയഭാര്യയെ കാണാന്‍ വരികയെങ്കിലും ചെയ്തല്ലോ, ആശ്വാസം.
മനസ് എന്തിലേക്കെങ്കിലും ഡീവിയേറ്റ് ചെയ്യണമെന്ന് തീരുമാനിച്ചിരിക്കവേയാണ്, ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന സിനിമയുടെ ടീസര്‍ ടി വിയില്‍ കണ്ടത്. അത് കാണണമെന്ന് ആഗ്രഹം തോന്നി. നോക്കിയപ്പോള്‍ 25നാണ് റിലീസ്. അന്ന് കമലിന്‍റെ വിശ്വരൂപവും എത്തുന്നുണ്ട്. എന്തായാലും മമ്മൂട്ടിച്ചിത്രം കണ്ടതിന് ശേഷം കമല്‍ ഫിലിം കാണാമെന്ന് ഉറപ്പിച്ചു.
തിയേറ്ററില്‍ വലിയ തിരക്കായിരുന്നു. കുറേക്കാലത്തിന് ശേഷം മമ്മൂട്ടിയുടെ ഒരു മാസ് പടം എത്തുകയാണല്ലോ. എന്തായാലും ഫാന്‍സ് അസോസിയേഷന്‍കാര്‍ കമ്മത്തിന്‍റെ വരവ് ആഘോഷമാക്കുന്നുണ്ട്. ഒരാള്‍ മമ്മൂട്ടിയുടെ ഫ്ലക്സിന് നേര്‍ക്ക് ചന്ദനത്തിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നു!
മമ്മൂട്ടി എന്ന മെഗാതാരത്തിന്‍റെ പന്ത്രണ്ട് ചിത്രങ്ങളുടെ പരാജയ ക്ഷീണം മാറ്റാന്‍ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന ചെറു ചിത്രത്തിന്‍റെ വിജയം പോരല്ലോ. അതുകൊണ്ട് മാസ് ചിത്രമായ കമ്മത്ത് ആന്‍റ് കമ്മത്ത് വന്‍ വിജയം നേടുക തന്നെ വേണം. പടത്തെക്കുറിച്ചുള്ള അഭിപ്രായം ആദ്യമേ തന്നെ പറയട്ടെ, ജവാന്‍ ഓഫ് വെള്ളിമലയും താപ്പാനയും കണ്ട് ബോറടിച്ച എല്ലാവര്‍ക്കും കമ്മത്തുമാരെ ഇഷ്ടപ്പെടും. ഈ പറഞ്ഞ ചിത്രങ്ങള്‍ പോലെ അത്ര ബോറന്‍ ചിത്രമൊന്നുമല്ല കമ്മത്ത് ആന്‍റ് കമ്മത്ത്.
ചിത്രീകരണം തുടങ്ങുന്നതിന് മുമ്പേ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണിത്. പേരിലെ പുതുമ തന്നെയാണ് ആദ്യത്തെ പ്രത്യേകത. കമ്മത്തുകളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലെങ്കിലും തിരുവനന്തപുരത്തും കൊച്ചിയിലും കൊങ്കിണിക്കാര്‍ നടത്തുന്ന ഹോട്ടലുകളില്‍ പലപ്പോഴും ഞാന്‍ പോയിട്ടുണ്ട്. അവിടങ്ങളിലെ ദോശക്കും ചമ്മന്തിക്കും ഒരു പ്രത്യേക രുചിയാണ്. ആ രുചി ഓര്‍മ്മിച്ചുകൊണ്ടാണ് കമ്മത്ത് കാണാനിരുന്നത്.
അടുത്ത പേജില്‍ - തുടക്കം പതിനഞ്ചാം നൂറ്റാണ്ടിലെ ഗോവയില്‍